ക്രമക്കേട്: പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പി.എസ്.സി കൈമാറും

Friday 06 September 2019 10:28 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറും. 1200പേർക്കാണ് അവിടെ പരീക്ഷാകേന്ദ്രം അനുവദിച്ചത്. 897പേർ പരീക്ഷയെഴുതി. മേൽനോട്ടത്തിന് രണ്ട് പി.എസ്.സി ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളേജ് അദ്ധ്യാപകരും ജീവനക്കാരുമാണ് പരീക്ഷ നടത്തിയത്. അവിടെ പരീക്ഷയെഴുതിയ എല്ലാവരുടെയും വിവരങ്ങളും പി.എസ്.സി ക്രൈംബ്രാഞ്ചിന് നൽകും. ചോദ്യപേപ്പർ ചോർന്നത് യൂണിവേഴ്‌സി​റ്റി കോളേജിൽനിന്നാണെന്ന് വ്യക്തമായതോടെ എല്ലാ പരീക്ഷാർത്ഥികളുടെയും വിവരങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുകയായിരുന്നു. ഏഴ് ബറ്റാലിയനുകളിലേക്കും വനിതാ ബറ്രാലിയനിലേക്കും 2018 ജൂലായ് 22നാണ് സിവിൽ പൊലീസ് പരീക്ഷ നടന്നത്. നാല് സെന്ററുകളാണ് യൂണിവേഴ്‌സി​റ്റി കോളേജിൽ ഉണ്ടായിരുന്നത്.