ക്ഷേത്രങ്ങളിൽ മോഷണം: പ്രതികൾ പിടിയിൽ
കൊല്ലം: ശക്തികുളങ്ങരയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ രണ്ടു യുവാക്കളെയും മോഷണമുതലാണെന്ന് അറിഞ്ഞിട്ടും കച്ചവടത്തിനായി ഇവ വാങ്ങിയ ദമ്പതികളെയും ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കനിമേൽ ചേരി ദേശസേവിനി നഗറിൽ വിജയ് നിവാസിൽ ശ്രീജിത്ത് (24), മനയിൽകുളങ്ങര ജവഹർ നഗർ കണ്ടച്ചേഴത്തു വീട്ടിൽ അനന്തു (24) എന്നിവരാണ് അറസ്റ്റിലായത്. ഇവ വാങ്ങി സൂക്ഷിച്ചതിന് അയത്തിൽ വടക്കേവിള സ്നേഹ നഗർ കാവുങ്ങൽ കിഴക്കതിൽ സുനിൽകുമാർ, ഭാര്യ ഗിരിജ എന്നിവരെയും അറസ്റ്റ് ചെയ്തു.
ദേവസ്വം ബോർഡിനു കീഴിലുള്ള പൂമുഖത്ത് ക്ഷേത്രം, മരുത്തടി കന്നിമേൽ ചേരിയിലെ കോമണ്ടഴികം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് അറുപതിനായിരത്തോളം രൂപ വരുന്ന നിലവിളക്കുകൾ, ഉരുളികൾ, പൂജാ പാത്രങ്ങൾ എന്നിവയാണ് രണ്ടു ദിവസങ്ങൾക്കു മുമ്പ് മോഷണം പോയത്. നാലു പേരെയും റിമാൻഡ് ചെയ്തു. ശക്തികുളങ്ങര ഐ.എസ്.എച്ച്.ഒ രതീഷ്, സബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ, റസ്സൽ ജോർജ്, മനുലാൽ, സി.പി.ഒമാരായ അജിത്ചന്ദ്രൻ, ബിജുകുമാർ, ശ്രീകാന്ത്, വിനോദ്, ലിസോളിയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.