നെറ്റിപ്പട്ടം കെട്ടിയ ആനവണ്ടി താരം
കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര ഉത്സവ ഘോഷയാത്രയിൽ ഇക്കുറിയും താരം നെറ്റിപ്പട്ടം കെട്ടിയ ആനവണ്ടി!. നെറ്റിപ്പട്ടം ചാർത്തിയ ബസ് എല്ലാ വർഷവും കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നത് വലിയ ആഘോഷത്തോടെയാണ്. ടൗൺ ചുറ്റിയാണ് ഘോഷയാത്ര കടന്നുപോകുന്നത്. ആനകളും കെട്ടുകാഴ്ചകളും വാദ്യമേളങ്ങളുമൊക്കെ ഇവിടുത്തെ ഘോഷയാത്രയിലുണ്ടാവുമെങ്കിലും ആനവണ്ടിയാണ് അന്നും ഇന്നും താരം!.
നെറ്റിപ്പട്ടവും മുത്തുക്കുടകളും വർണ ബൾബുകളുമൊക്കെയായിട്ടാണ് ബസ് അലങ്കരിച്ചത്. ജാതി-മത ഭേദമില്ലാതെ ഡിപ്പോയിലെ ജീവനക്കാരെല്ലാം ചേർന്നാണ് ബസ് ഒരുക്കി യാത്രയാക്കിയത്. നെറ്റിപ്പട്ടം കെട്ടിയ ആനവണ്ടി സ്റ്റാൻഡിൽ നിന്ന് പുറപ്പെടും മുമ്പെതന്നെ സോഷ്യൽ മീഡിയകളിൽ നിറയുന്ന പതിവ് ഇക്കുറിയുമുണ്ടായി. വഴിയോരങ്ങളിൽ ഘോഷയാത്ര കാണാനെത്തിയ ആയിരങ്ങളാണ് ആനവണ്ടിയെ കൈയടിയോടെ ആർപ്പുവിളികൾ മുഴക്കി വരവേറ്റത്.