4 വർഷത്തിനിടെ വെട്ടിക്കുറച്ചത് 127 ട്രാൻ. ഷെഡ്യൂളുകൾ

Saturday 03 May 2025 1:48 AM IST

കൊല്ലം: ഗ്രാമപ്രദേശങ്ങളിൽ യാത്രാ ദുരിതം സൃഷ്ടിച്ച് കഴിഞ്ഞ നാല് വർഷത്തിനിടെ ജില്ലയിൽ വെട്ടിക്കുറച്ചത് 127 കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ. ഇതിലേറെയും ഓർഡിനറി സർവീസുകളാണ്. കുളത്തൂപ്പുഴ ഓപ്പറേറ്റിംഗ് സെന്ററിലും ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ പത്തനാപുരം ഡിപ്പോയിലും മാത്രമാണ് ഷെഡ്യൂളുകളുടെ എണ്ണം ഉയർന്നത്.

കൊവിഡിന് മുമ്പ് 25 രൂപയായിരുന്ന ഒരു ഷെഡ്യൂളിന് കെ.എസ്.ആർ.ടി.സി നിശ്ചയിച്ചിരുന്ന ഏണിംഗ്സ് പെർ കിലോമീറ്റർ (ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം) പിന്നീട് ഇ.പി.കെ.എം 35 രൂപയായി ഉയർത്തിയാണ് ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസ് ഓരോന്നായി വെട്ടിയത്. ഇ.പി.കെ.എം കുറഞ്ഞതിന്റെ പേരിൽ യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്ന കൊല്ലം-ചെങ്ങന്നൂർ, കൊല്ലം-പത്തനംതിട്ട ചെയിൻ സർവീസിലെ ബസുകൾ അടുത്തിടെ കുറച്ചിരുന്നു. കൊല്ലം-പന്തളം സർവീസും ആഴ്ചകളായി അയയ്ക്കുന്നില്ല. ഇതിന് പുറമെ യാത്രക്കാർ കുറവുള്ള ട്രിപ്പുകൾ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്.

52 ലേക്ക് താഴുമ്പോൾ തന്നെ വെട്ട്

ഷെഡ്യൂളുകളുടെ ഇ.പി.കെ.എം 52 രൂപയിലേക്ക് താഴുമ്പോൾ തന്നെ ചുമതലയുള്ള ഇൻസ്പെക്ടർമാർക്ക് ചാർജ് മെമ്മോ നൽകുകയാണ്. ഷെഡ്യൂളിലെ യാത്രക്കാർ കുറവുള്ള റൂട്ടുകൾ വെട്ടിയാണ് പ്രശ്നം പരിഹരിക്കുന്നത്. ഇങ്ങനെ ഉൾപ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി ക്രമേണ അപ്രത്യക്ഷമാവുകയാണ്.

ഷെഡ്യൂൾ കുറഞ്ഞതിന്റെ കാരണം

 ഇ.പി.കെ.എം ഉയർത്തി
 ബസുകളുടെ എണ്ണക്കുറവ്

 പുതിയ ബസുകൾ അനുവദിക്കുന്നില്ല
 പഴയ ബസുകൾ വഴിയിൽ വീഴുന്നു
 യാത്രക്കാർക്ക് വിശ്വാസം നഷ്ടമായി
 സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഉയർന്നു

ഡിപ്പോ, ഷെഡ്യൂളുകളുടെ എണ്ണം കൊവിഡിന് മുമ്പ്, ഇപ്പോൾ

ചാത്തന്നൂർ- 56, 45

കൊല്ലം-113, 73
കരുനാഗപ്പള്ളി- 84, 64

പത്തനാപുരം- 44, 56
കൊട്ടാരക്കര- 138, 112
ചടയമംഗലം- 56, 45
പുനലൂർ-68, 53
ആര്യങ്കാവ്- 15, 11
കുളത്തൂപ്പുഴ- 30, 32