വിഘ്നേഷ് പുത്തൂരിന് സീസൺ നഷ്‌ടം

Saturday 03 May 2025 7:08 AM IST

മുംബയ്: വിസ്മയ പ്രകടനം നടത്തി വാർത്തകളിൽ നിറഞ്ഞ മുംബയ് ഇന്ത്യൻസിന്റെ മലയാളി സ്പിന്ന‌ർ വിഘ്നേഷ് പുത്തൂരിന് പരിക്കിനെ തുടന്ന് ഈ ഐ.പി.എൽ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകും. കാലിലെ പരിക്കാണ് വിഘ്‌നേഷി‌ന് വില്ലനായത്. വിഘ്നേഷിനായി തീർന്നില്ല തുടരും എന്ന ക്യാപ്ഷനിൽ ഒരു വീഡിയോയും മുംബയ് ഇന്ത്യൻസ് പങ്കുവച്ചു. വിഘ്‌നേഷിന്റെ ടീം ക്യാമ്പിലെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കളിച്ച 5 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റാണ് വിഘ്‌നേഷ് സ്വന്തമാക്കിയത്. ചെന്നൈക്കെതിരെ 3 വിക്കറ്റ് പ്രകടനവുമായാണ് താരം ഐ.പി.എല്ലിൽ അരങ്ങേറയത്. ഈ സീസണിൽ കളിക്കാനാകില്ലെങ്കിലും പരക്ക് മാറുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി വിഘ്‌നേഷ് ടീമിനൊപ്പം തുടരും.

വിഘ്‌നേഷിന് പകരക്കാരനായി അടിസ്ഥാന വിലയായ 30 ലക്ഷത്തിന് രഘു ശ‌ർമ്മയെ ശേഷിക്കുന്ന മത്സരങ്ങൾക്കായി മുംബയ് ടീമിൽ ഉൾപ്പെടുത്തി.

മാക്‌സ്‌വെല്ലും സന്ദീപും പുറത്ത്

വിഘ്‌നേഷിനെക്കൂടാതെ വിരലിലേറ്റ പരിക്കിനെ തുടർന്ന് പഞ്ചാബ് കിംഗ്‌സിന്റെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാ‌ക്‌സ്‌വെല്ലിനും രാജസ്ഥാൻ റോയൽസിന്റെ പേസർ സന്ദീപ് ശർമ്മയ്‌ക്കും ഈ സീസൺ നഷ്ടമാകും.

രാജസ്ഥാനും പുറത്ത്,​ മുംബയ് മുന്നിൽ

ജയ്‌പൂർ: കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസിനെതിരായ 100 റൺിന്റെ വമ്പൻ തോൽവിയോടെ രാജസ്ഥാൻ റോയൽസ് ഈ ഐ.പി.എൽ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി. എന്നാൽ തുടർച്ചയായ ആറാം ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ മുംബയ്ക്കായി. ആദ്യം ബാറ്റ് ചെയ്ത മുംബയ് 20 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 217 റൺസെടുത്തു. മറുപടിക്കിറങ്ങിയ രജസ്ഥാൻ 16.1 ഓവറിൽ 117 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ജോഫ്ര ആർച്ചർക്ക് (27 പന്തിൽ 30)​ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടി വിസ്മയിപ്പിച്ച രാജസ്ഥാന്റെ പതിന്നാലുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി എന്നാൽ മുംബയ്‌ക്കെതിരെ ഡക്കായി. ദീപക് ചഹറിനാണ് വിക്കറ്റ്. മുംബയ്‌ക്കായി ട്രെൻഡ് ബോൾട്ടും കരൺ ശർമ്മയും 3 വിക്കറ്റ് വീതവും ജസ്‌പ്രീത് ബുംറ 2 വിക്കറ്റും വീഴ്‌ത്തി.

മുംബയ്ക്കായി ബാറ്റിംഗിന് എത്തിയവരെല്ലാം തിളങ്ങി. ഓപ്പണർമാരായ റയാൻ റിക്കൽറ്റണും (38 പന്തിൽ 61)​ രോഹിത് ശ‌ർമ്മയും (36 പന്തിൽ 53)​ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ പിന്നീടെത്തിയ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും പുറത്താകാതെ 23 പന്തിൽ 48റൺസ് വീതം നേടി അടിച്ചു തകർത്തു.

ആദ്യത്തെ 5 മത്സരങ്ങളിൽ 1 എണ്ണം മാത്രം ജയിച്ച മുംബയ് ഇന്ത്യൻസ് എന്നാൽ പിന്നീട് കളിച്ച 6 മത്സരങ്ങളും ജയിച്ചാണ് പോയിനറ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്. 11 മത്സരങ്ങളിൽ 14 പോയിന്റാണ് അവർക്കുള്ളത്.

11 മത്സരങ്ങളിൽ എട്ടെണ്ണത്തിലും തോറ്റ രാജസ്ഥാൻ റോയൽസ് 6 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. സ്ഥിരം ക്യാപ്ടൻ സഞ്ജു സാംസൺന്റെ പരിക്കുൾപ്പെടെ നിരവധി തിരിച്ചടികൾ നേരിട്ടതാണ് രാജസ്ഥാ്റെ മോശം പ്രകടനത്തിന് കാരണമായി.

ബുധനാഴ്‌ച പഞ്ചാബ് കിം‌ഗ്‌സിനെതിരെ 4 വിക്കറ്റിന്ഫെ തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സാണ് ഈ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീം. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്‌​സ് 19.2​ ​ഓ​വ​റി​ൽ​ 190 റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി. ​മറുപടിക്കിറങ്ങിയ പഞ്ചാബ് 2 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി (194/6).