'എങ്ങും പുക, എമർജൻസി വാതിൽ തുറക്കാനായില്ല, സഹോദരി മരിച്ചത് വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിനാൽ'
കോഴിക്കോട്: മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന മേപ്പാടി സ്വദേശി നസീറ മരിച്ചത് വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിനാലാണെന്ന് സഹോദരൻ യൂസഫലി. എമർജൻസി വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ ചവിട്ടിത്തുറന്നാണ് നസീറയെ പുറത്തെത്തിച്ചത്. ഐസിയുവിൽ നിന്ന് മാറ്റി അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ കിട്ടിയതെന്നും യൂസഫലി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഞാൻ ഐസിയുവിന് മുന്നിൽ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് പൊട്ടിത്തെറി ശബ്‌ദം കേട്ടത്. പുക ഉയർന്നതോടെ എല്ലാവരും ചേർന്ന് രോഗികളെ മാറ്റാൻ തുടങ്ങി. ഡോക്‌ടർമാരും നഴ്‌സുമാരും ഉണ്ടായിരുന്നു. ഒരു സെക്യൂരിറ്റിയെ പോലും സ്ഥലത്ത് കണ്ടില്ല. വെന്റിലേറ്ററിലായിരുന്ന എന്റെ സഹോദരിയെ ആംബുലൻസ് വരുന്നതുവരെ വെന്റിലേറ്ററിന്റെ സഹായം പോലുമില്ലാതെ മുറ്റത്ത് നിർത്തുകയായിരുന്നു. വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴേക്കും പൾസ് കുറഞ്ഞു. അങ്ങനെയാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് അത്രയും പുകയാണ് വന്നത്', യൂസഫലി പറഞ്ഞു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്. യുപിഎസ് റൂമിൽ ഷോർട്ട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ വ്യക്തമാക്കി. 200ലധികം രോഗികളെയാണ് ഇന്നലെ മാത്രം മെഡിക്കൽ കോളേജിൽ നിന്ന് മറ്റ് സർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്.
അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം, ഇന്നലെ മരിച്ച നാലുപേരുടെയും പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് വിവരം.