കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പുക; അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കേസെടുത്തു, ബിജെപി ഉപരോധം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പുകയെത്തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് രോഗികൾ പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചെന്ന ആരോപണത്തിലാണ് നടപടി.
മരണപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനുള്ള തീരുമാനത്തിലാണ് അധികൃതർ. പോസ്റ്റുമോർട്ടിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ പറഞ്ഞു. അപകടമുണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ, പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്കാണ് മരുന്നുകൾ മാറ്റുന്നത്.
ആശുപത്രിയിലുണ്ടായ പുക കാരണം രോഗികൾ മരിച്ചെന്ന ആരോപണം അധികൃതർ നിഷേധിച്ചിരുന്നു. മരിച്ച അഞ്ചുപേരിൽ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവർ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരിച്ചത്.
മെഡിക്കൽ കോളേജിലുണ്ടായ പുകയിൽ മരണം സംഭവിച്ചുവെന്ന് ടി. സിദ്ദിഖ് എംഎൽഎ ആരോപിച്ചതിന് പിന്നാലെയായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. അതേസമയം, രോഗികൾ മരിച്ച സംഭവത്തിൽ രാവിലെ പ്രിൻസിപ്പലിന്റെ ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു.
അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.യുപിഎസ് റൂമിൽ ഷോർട്ട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. 200ലധികം രോഗികളെയാണ് ഇന്നലെ മാത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മറ്റ് സർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്.