തൊഴിൽ രഹിതരുടെ കൈ പിടിച്ച് കുടുംബശ്രീ
കൊച്ചി: സംസ്ഥാനത്ത് ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു ജി.കെ.വൈ) വഴി 45,341 യുവാക്കൾക്ക് തൊഴിൽ ലഭിച്ചു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്. ഗ്രാമീണ മേഖലയിലെ 1835 വയസിനിടയിലുള്ള യുവതീ, യുവാക്കൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനമാണ് പദ്ധതി ലക്ഷ്യം. 77,965 പേർക്ക് പരിശീലനം നൽകിയതിൽ 621 പേർക്ക് വിദേശത്തും തൊഴിൽ ലഭിച്ചു.
ഗ്രാമീണ മേഖലയിലെ 1835 വയസിനിടയിലുള്ള യുവതീ യുവാക്കളാണ് ഗുണഭോക്താക്കൾ. 33 മേഖലകളിലായി ആകർഷകമായ നൂറിലധികം പുതിയ തലമുറ കോഴ്‌സുകളിൽ പരിശീലനം നൽകുന്നു. പഠന സാമഗ്രികൾ, യൂണിഫോം, ഹോസ്റ്റൽ സൗകര്യം എന്നിവ സൗജന്യമാണ്.
നിർദ്ധന കുടുംബങ്ങളിലെ അംഗങ്ങളായ 'ആശ്രയ' പദ്ധതി ഗുണഭോക്താക്കളിൽ 932 പേർക്ക് പരിശീലനവും 457 പേർക്ക് തൊഴിലും ലഭ്യമാക്കി. കൂടാതെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 19,356 പേർക്ക് പരിശീലനവും 9,544 പേർക്ക് തൊഴിലും നൽകി. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 4,947 പേർക്കാണ് പരിശീലനം നൽകിയത്. ഇതിൽ 2,252 പേർക്ക് തൊഴിൽ ലഭിച്ചു.
കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ 'സാഗർമാല' പദ്ധതിയും ഡി.ഡി.യു ജി.കെ.വൈ വഴിയാണ് നടപ്പാക്കുന്നത്. തീരദേശ മേഖലയിലെ യുവതീയുവാക്കൾക്ക് തുറമുഖ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ നൈപുണ്യ പരിശീലനം നൽകുന്നു. ഇതുവരെ 269 പേർ പരിശീലനം പൂർത്തിയാക്കി 159 പേർക്ക് തൊഴിൽ ലഭിച്ചു.
പരിശീലനം 14 കേന്ദ്രങ്ങളിൽ
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി മുൻനിര ബാങ്കുകളുമായി സഹകരിച്ച് 14 ജില്ലകളിലും റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ചുമതലയുള്ള ലീഡ് ബാങ്കുകൾ വഴി കഴിഞ്ഞ 9 വർഷത്തിൽ 3,403 ബാച്ചുകളിലായി 92,823 ഗുണഭോക്താക്കൾക്കും ഗ്രാമീണ മേഖലയിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 61,842 പേർക്കും പരിശീലനം നൽകി. ഇതിൽ വേതനാധിഷ്ഠിത തൊഴിൽ രംഗത്തും സ്വയംതൊഴിൽ രംഗത്തുമായി 78,832 പേർക്കും സ്വയംതൊഴിൽ രംഗത്ത് മാത്രമായി 74,555 പേർക്കുമാണ് തൊഴിൽ ലഭ്യമാക്കിയത്. കേരളത്തിൽ കുടുംബശ്രീയും തൊഴിലുറപ്പ് മിഷനും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ 'ഉന്നതി' പദ്ധതി വഴിയും തൊഴിൽ ലഭിച്ചു.
തൊഴിൽ നേടിയവർ:
ഡി.ഡി.യു ജി.കെ.വൈ: 45,341 'ആശ്രയ' പദ്ധതി: 457 പട്ടികജാതി വിഭാഗം: 9,544 പട്ടികവർഗ വിഭാഗം: 2,252 സാഗർമാല: 159 വേതനാധിഷ്ഠിത തൊഴിൽ രംഗം: 78,832 സ്വയം തൊഴിൽ രംഗം: 74,555