കോഴിക്കോട്  മെഡിക്കൽ  കോളേജിലെ അപകടം; മരണകാരണം  പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക  പോസ്റ്റ്‌മോർട്ടം  റിപ്പോർട്ട് പുറത്ത്

Saturday 03 May 2025 6:49 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അപകടസമയത്തുണ്ടായ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. ഇവരുടെ മരണം പുക ശ്വസിച്ചല്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. യുപിഎസ് റൂമിൽ ഷോർട്ട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. 200ലധികം രോഗികളെയാണ് ഇന്നലെ മാത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മറ്റ് സ‍ർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ വിദഗ്ധരായ മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. അപകടം സംഭവിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ 37 രോഗികളുടെ ചികിത്സാച്ചെലവിനെക്കുറിച്ച് വീണാ ജോർജ് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല.

'ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് പരിശോധനയും സാങ്കേതിക പരിശോധനയും എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയ പുക ഉയർന്നപ്പോൾ തന്നെ രോഗികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാ​റ്റാൻ ശ്രമിക്കുകയായിരുന്നു. പൊലീസും സമഗ്രാന്വേഷണം നടത്തുന്നുണ്ട്. സംഭവസമയത്ത് കളക്ടറും എംഎൽഎയും ആശുപത്രിയിൽ ഉണ്ടായിരുന്നു. എല്ലാവരെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.രോഗികളുടെ ആരോഗ്യസ്ഥിതി ഡോക്ടർമാർ പരിശോധിച്ച് വരികയാണ്. ചികിത്സ ആർക്കും നിഷേധിക്കപ്പെടില്ല. അതിൽ ഇടപെടും. 37 രോഗികളാണ് മറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. കൂടുതൽ അന്വേഷണത്തിനായി മറ്റ് മെഡിക്കൽ കോളേജിലുളള ഡോക്ടർമാരുടെ വിദഗ്ധ സംഘമെത്തും'- മന്ത്രി അറിയിച്ചു.