മരം നീക്കണോ,​ ഗ്രൗണ്ട് വേണോ? കുസാറ്റിൽ സർവത്ര ആശയക്കുഴപ്പം

Sunday 04 May 2025 12:11 AM IST
കുസാറ്റ്

കൊച്ചി: ലക്ഷങ്ങൾ മുടക്കി വർഷങ്ങൾക്ക് മുമ്പ് വെച്ചുപിടിപ്പിച്ച 25ലേറെ മരങ്ങൾ റീപ്ലാന്റ് ചെയ്ത് ഗ്രൗണ്ട് വലുതാക്കാനുള്ള നീക്കത്തിലെ ആശയക്കുഴപ്പത്തിൽപ്പെട്ട് കുസാറ്റ് അധികൃതർ. സ്‌കൂൾ ഒഫ് എൻജിനിയറിംഗിന് മുന്നിലെ മരങ്ങൾ റീപ്ലാന്റ് ചെയ്ത് നിലവിലെ ചെറിയ ഗ്രൗണ്ടിന് വീതി കൂട്ടാമെന്ന് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായതെന്ന് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു. വൈസ് ചാൻസലർ കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

എന്നാൽ, ഒരു വിഭാഗത്തിന് ഇതിനോട് യോജിപ്പില്ല. ഈ മരങ്ങൾ റീപ്ലാന്റ് ചെയ്താൽ അത് നശിച്ചു പോകുമെന്നാണ് എതിർപ്പുള്ളവരുടെ പക്ഷം. ഈ എതിർപ്പ് നിലനിൽക്കെ തന്നെയാണ് റീപ്ലാന്റുമായി മുന്നോട്ട് നീങ്ങാൻ സിൻഡിക്കേറ്റ് തീരുമാനം. രജിസ്ട്രാർ ഉൾപ്പെടെയുള്ളവർ മരം റീപ്ലാന്റ് ചെയ്യുന്നതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ്.

ഗ്രൗണ്ട് വികസിപ്പിക്കും

കുസാറ്റിലുള്ള വലിയ ഗ്രൗണ്ട് നവീകരിച്ചതും ഇപ്പോൾ പരിപാലിക്കുന്നതും സ്‌പോർട്‌സ് കൗൺസിലാണ്. അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് ആഘോഷ പരിപാടികളും മറ്റും നടത്തുന്നതിന് ഈ ഗ്രൗണ്ട് ഉപയോഗിക്കാനാകില്ല. തുടർന്നാണ് വിദ്യാർത്ഥികൾ ചെറിയ ഗ്രൗണ്ട് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. പി.ടി.എ ആവശ്യത്തെ പിന്തുണച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ഇതിനു പിന്നാലെയാണ് മരങ്ങൾ വെട്ടി മാറ്റേണ്ടി വരുമെന്ന സ്ഥിതി വന്നത്. ഇതിനെതിരെ ആദ്യ ഘട്ടത്തിൽ തന്നെ എതിർപ്പുയർന്നു. പിന്നാലെ റീപ്ലാന്റ് ചെയ്യാമെന്നായി.

ഓഡിറ്റോറിയം തുറന്നില്ല

2023 നവംബർ 25ന് തിക്കിലും തിരക്കിലും പെട്ട് നാല് ജീവനുകൾ പൊലിയുന്നതിന് ഇടയാക്കിയ ഗാനസന്ധ്യ നടന്ന ഓഡിറ്റോറിയം ഇതുവരെ തുറന്നിട്ടില്ല. ദുരന്തത്തിന്റെ സ്മാരകശിലയായി നിൽക്കുകയാണിത്. വിദ്യാർത്ഥികൾക്ക് പരിപാടികൾ സംഘടിപ്പിക്കാനുള്ള ഏക സ്ഥലമായിരുന്നു ഇവിടം. ഇത് അടഞ്ഞു കിടക്കുന്നതിനാലാണ് പുതിയ ഗ്രൗണ്ടെന്ന ആവശ്യമുയർന്നത്. ഓഡിറ്റോറിയം തുറക്കാത്തതിലും പ്രതിഷേധമുണ്ട്.