'വേടനെതിരായ സംഭവവികാസങ്ങളുടെയെല്ലാം പിന്നിലെ പ്രേരണ നിശാഗന്ധിയിലെ  ആ ആൾക്കൂട്ടമാണ്'

Saturday 03 May 2025 9:01 PM IST

തിരുവനന്തപുരം: റാപ്പർ വേടൻ എന്ന വിളിപ്പേരുള്ള ജനപ്രിയ ഗായകൻ ഹിരൺദാസ് മുരളി ദളിതനായത് കൊണ്ടാണ് ഇരയാക്കപ്പെടുന്നതെന്ന് കേരള നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറിയും കോളേജ് അദ്ധ്യാപികയുമായ ഡോ. വിനീത വിജയൻ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കവെയായിരുന്നു വിനീത വിജയൻ ഇക്കാര്യം പറഞ്ഞത്.

'വേടൻ ദളിതനായത് കൊണ്ടാണ് ഇരയാക്കപ്പെടുന്നത്. അതിൽ ജാതിയുടെ രാഷ്ട്രീയം ഉണ്ട്. സംസ്ഥാന സർക്കാരിന്റെ വേദികളിൽ അടക്കം കാലാകാലങ്ങളായി ചില പ്രത്യേക വ്യക്തികൾ മാത്രമാണ് പാടുന്നത്. ഞാൻ പേര് എടുത്ത് പറയുന്നില്ല. അവരെ മാറ്റി അവിടെ വേടൻ വരുന്നു. ഞാൻ മനസിലാക്കുന്നത് വേടന് എതിരെ നിലവിലുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയാണ്.

മറ്റ് ദേശത്ത് വേടനെ കാണാൻ വരുന്ന തിരക്ക് തിരുവനന്തപുരത്ത് ഉണ്ടാവില്ലെന്ന് കരുതിയവർക്ക് ഒരു തിരിച്ചടിയായിരുന്നു അന്നത്തെ പരിപാടി. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളുടെയെല്ലാം പിന്നിലെ പ്രേരണ നിശാഗന്ധിയിലെ ആ ആൾക്കൂട്ടമാണ്. അത് വെറും ഒരു ആൾക്കൂട്ടം അല്ല. കേരളത്തിലെ പുതുതലമുറയിലെ യുവാക്കാൾ ജാതിമത -ആൺപെൺ ഭേദമില്ലാതെ ഒഴുകി വന്നവർ. വേടനെ ഒന്ന് കണ്ടാൽ മതി കേട്ടാൽ മതിയെന്ന് പറഞ്ഞാണ് അവർ വന്നത്. വേടൻ ഈ ജനങ്ങളെയെല്ലാം തന്റെ വരികളിലൂടെ സ്വാധീനിക്കുന്നത് കണ്ട് സഹിക്കാൻ കഴിയാത്ത സവർണ സംഗീത ലോബിയുടെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാണ് വേടനെതിരായ ഈ ഒരു നാടകത്തിന്റെ തിരക്കഥ',- അവർ വ്യക്തമാക്കി.