കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. അത്യാഹിതവിഭാഗത്തിലെ എം.ആർ.ഐ മെഷീന്റെ യു,പി,എസ് മുറിയിൽ നിന്ന് പുക ഉയർന്നതുമാി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് ഇന്നലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.
ഗ്രൗണ്ട് ഫ്‌ളോറിൽ ഭാഗീകമായും മറ്റ് 6 നിലകളിലും പൂർണമായും വൈദ്യുതി പുന:സ്ഥാപിച്ചതായി മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. എമർജൻസി മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ചിരുന്ന എംആർഐ മെഷീന്റെ യുപിഎസ് മുറിയിൽ നിന്നാണ് പുക ഉയർന്നത്. 2026 ഒക്ടോബർ മാസം വരെ വാറണ്ടി ഉള്ളതാണ് എംആർഐ മെഷീനും യുപിഎസും (ഫിലിപ്സിന്റെ മെഷീൻ). ഫിലിപ്സ് നിയോഗിച്ച ഏജൻസി തന്നെയാണ് യുപിഎസിന്റേയും മെയിന്റനൻസ് നടത്തുന്നതും. 6 മാസത്തിൽ ഒരിക്കൽ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവർ ഫിലിപ്സിന് റിപ്പോർട്ട് നൽകും. മെഡിക്കൽ കോളേജിനും കോപ്പി നൽകും. ആ റിപ്പോർട്ട് കൃത്യമായി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയർ സൂക്ഷിക്കുന്നുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. യുപിഎസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.