വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു
കൊച്ചി: ആഗോള രാഷ്‌ട്രീയ മേഖലയിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് സജീവമായി തിരിച്ചെത്തുന്നു. വ്യാപാര യുദ്ധ ഭീഷണി ഒഴിഞ്ഞതും അമേരിക്കയുമായി പുതിയ വ്യാപാര കരാർ ഒപ്പുവക്കാനുള്ള സാദ്ധ്യതകൾ മെച്ചപ്പെട്ടതുമാണ് ഇന്ത്യൻ ഓഹരികൾക്ക് പ്രിയം വർദ്ധിപ്പിക്കുന്നത്. . കഴിഞ്ഞ ദിവസങ്ങളിൽ വിദേശ ഫണ്ടുകൾ വിപണിയിൽ സജീവമായതോടെ നിഫ്‌റ്റിയും സെൻസെക്സും തുടർച്ചയായി മുന്നേറി. ഇതോടൊപ്പം രൂപയുടെ മൂല്യത്തിലും കുതിപ്പുണ്ടായി. കഴിഞ്ഞ 12 ദിവസത്തിനിടെ 40,145 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ വാങ്ങിയത്. ഏപ്രിലിലെ വിദേശ സ്ഥാപനങ്ങളുടെ അറ്റ നിക്ഷേപം 3,243 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം സെപ്തംബറിന് ശേഷം ഇന്ത്യയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ തുടർച്ചയായി പണം പിൻവലിക്കുന്ന സാഹചര്യമായിരുന്നു.
അമേരിക്കയിലെ മാന്ദ്യം നേരിടുന്നതിനായി കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് ഈ വർഷം രണ്ട് തവണ കുറയ്ക്കുമെന്ന് വ്യക്തമാക്കിയതും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് ശക്തമാക്കി. ഫെഡറൽ റിസർവ് തീരുമാനം അമേരിക്കൻ ബോണ്ടുകളുടെയും ഡോളറിന്റെയും മൂല്യയിടിവിന് കാരണമാകുന്നതിനാലാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നത്.
വിദേശ നിക്ഷേപകർ മടങ്ങിയെത്തിയതോടെ ഡോളറിനെതിരെ രൂപ കരുത്ത് വർദ്ധിപ്പിക്കുകയാണ്. ആറ് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന തലമായ 83.78 വരെ ഉയർന്നിരുന്നു. എന്നാൽ പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വാങ്ങിയതോടെ രൂപയുടെ മൂല്യം 84.58ലേക്ക് താഴ്ന്നു. കഴിഞ്ഞ വാരം രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം വർദ്ധനയാണുണ്ടായത്.