എസ്.ബി.ഐ അറ്റാദായത്തിൽ ഇടിവ്

Sunday 04 May 2025 12:33 AM IST

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) അറ്റാദായം 9.9 ശതമാനം ഇടിഞ്ഞ് 18,643 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 20,698 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എസ്.ബി.ഐയുടെ അറ്റാദായം 16.08 ശതമാനം ഉയർന്ന് 70,901 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 2.69 ശതമാനം ഉയർന്ന് 42,775 കോടി രൂപയിലെത്തി. ബാങ്കിന്റെ പലിശ മാർജിൻ 0.32 ശതമാനം കുറഞ്ഞ് 3.15 ശതമാനമായി.

അതേസമയം എസ്.ബി.ഐയുടെ പലിശയിതര വരുമാനം 17,369 കോടി രൂപയിൽ നിന്നും 24,210 കോടി രൂപയായി ഉയർന്നു. ഇടപാടുകളുടെ ഫീസ്, കമ്മീഷൻ, ട്രഷറി ഇടപാടുകളിൽ നിന്നുള്ള വരുമാനം എന്നിവ ചേർന്നതാണിത്. കിട്ടാക്കടങ്ങൾക്ക് ആനുപാതികമായി മാറ്റിവക്കുന്ന തുകയായ പ്രൊവിഷനിംഗ് 8,049 കോടി രൂപയിൽ നിന്ന് 12,643 കോടിയായി ഉയർന്നു. ബാങ്കിന്റെ വായ്പാ വിതരണം അവലോകന കാലയളവിൽ 12.03 ശതമാനം ഉയർന്ന് 42 ലക്ഷം കോടി രൂപയായി. നിക്ഷേപം 9.48 ശതമാനം വർദ്ധനയോടെ 53.8 ലക്ഷം കോടി രൂപയിലെത്തി.

ലാഭവിഹിതം ഉയർത്തി

ഓഹരിയൊന്നിന് 15.90 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. മുൻവർഷം ലാഭവിഹിതം 13.7 രൂപയായിരുന്നു.