വേടനെതിരായ പുലിപ്പല്ല് കേസ് , റേഞ്ച് ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് വനംമേധാവി

Sunday 04 May 2025 4:32 AM IST

തിരുവനന്തപുരം: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ കോടനാട് റേഞ്ച് ഓഫീസറുൾപ്പെടെ അനാവശ്യ ആരോപണങ്ങളുന്നയിച്ചെന്ന് വനംവകുപ്പ് മേധാവിയുടെ റിപ്പോർട്ട്. മുൻകൂർ അനുമതി തേടാതെ മാദ്ധ്യമങ്ങളോട് വേടനെതിരെ സംസാരിച്ചതും വീഴ്ചയാണ്. നടപടിയുണ്ടായേക്കും.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തിടുക്കപ്പെട്ട നടപടികളാണുണ്ടായത്. വേടന്റെ ശ്രീലങ്കൻ ബന്ധം അടക്കം തെറ്റായ വിവരങ്ങളാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇത് സർക്കാരിനും വനംവകുപ്പിനും മോശം പ്രതിച്ഛായയുണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ട്.

എന്നാൽ,​ വേടന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ചെയ്തത് നടപടിപ്രകാരമുള്ള കാര്യങ്ങളാണെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് നൽകിയ റിപ്പോർട്ടിൽ വനംമേധാവി രാജേഷ് രവീന്ദ്രൻ പറയുന്നു.

പൊലീസ് കൈമാറിയ കേസായതിനാലാണ് അറസ്റ്റിലേക്ക് കടന്നത്. വേടന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടർ നടപടികളുണ്ടായത്. പല്ല് പരിശോധിക്കാൻ ലബോറട്ടിക്ക് കൈമാറിയിട്ടുണ്ട്. വിദേശ പൗരനായ ആരാധകനിൽ നിന്നാണ് ലഭിച്ചതെന്നാണ് മൊഴി. ഇത് എങ്ങനെ കിട്ടിയെന്നതിൽ അന്വേഷണം തുടരുകയാണ്.

വനംവകുപ്പിന്റെ നടപടിയിൽ അതൃപ്തി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തെത്തിയിരുന്നു. തുടർന്നാണ് മന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. മദ്ധ്യമേഖല സി.സി.എഫ്,​ മൂവാറ്റുപുഴ ഡി.എഫ്.ഒ എന്നിവരിൽ നിന്ന് വനംമേധാവി വിശദീകരണം തേടിയിരുന്നു.

വകുപ്പുതല നടപടി വരും

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവുമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. അഡ‌ി. ചീഫ് സെക്രട്ടറി നൽകുന്ന ശുപാർശയിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ തീരുമാനമെടുക്കും. താക്കീതിനോ സ്ഥലംമാറ്റത്തിനോ സാദ്ധ്യതയുണ്ട്.