കുവൈറ്റിൽ മലയാളി ദമ്പതികളുടെ മരണം:  മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

Sunday 04 May 2025 4:03 AM IST

കണ്ണൂർ: കുവൈറ്റിൽ മരിച്ച മലയാളി ദമ്പതികളായ സൂരജിന്റെയും ബിൻസിയുടേയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കും. ചൊവ്വാഴ്ച മണ്ഡളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്നാണ് വിവരം.

കുവൈറ്റിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന കണ്ണൂർ നടുവിൽ സ്വദേശിയായ സൂരജ് കുഴിയത്ത് ജോൺ (40), ഭാര്യ എറണാകുളം കീഴില്ലം സ്വദേശിനിയായ ബിൻസി(35) എന്നിവരെ കുവൈറ്റ് അബ്ബാസിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തർക്കം ഉണ്ടായതായാണ് സൂചന. ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം.

ഇവരുടെ മകളും (9),​ മകനും (6) പെരുമ്പാവൂരിൽ ബിൻസിയുടെ വീട്ടുകാരോടൊപ്പമാണ് കഴിയുന്നത്. വെക്കേഷന് ഇവരെ കുവൈറ്റിലേക്ക് കൊണ്ടുപോയിരുന്നു. കുട്ടികളെ നാട്ടിലേക്ക് തിരികെയെത്തിച്ച് സൂരജും ബിൻസിയും ഏപ്രിൽ 29നാണ് കുവൈറ്റിലേക്ക് മടങ്ങിയത്. ബിൻസിയെ കൊലപ്പെടുത്തിയശേഷം സൂരജ് സുഹൃത്തുക്കളെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിക്കുകയും തന്റെ വാട്സാപ് പ്രൊഫൈൽ ഫോട്ടോയും സ്റ്റാറ്റസുകളും നീക്കം ചെയ്തിരുന്നതായും പറയുന്നു. സംഭവത്തിൽ കുവൈറ്റ് പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഇരുവരുടെയും സുഹൃത്തുക്കളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.