ചരക്കുനീക്കം കുതിക്കാൻ വിഴിഞ്ഞം- വല്ലാർപാടം റെയിൽ കണക്‌ഷൻ
കൊച്ചി: കണ്ടെയ്‌നർ ഗതാഗതം നിലച്ച വല്ലാർപാടം റെയിൽപ്പാതയെ വിഴിഞ്ഞവുമായി കണക്ട് ചെയ്താൽ ചരക്കു നീക്കത്തിൽ പുത്തനുണർവുണ്ടാകും. ഇതിനുള്ള സാദ്ധ്യത പരിശോധിക്കുകയാണ്. പാതയ്ക്ക് പുതുജീവൻ നൽകുന്നതിന് കണ്ടെയ്നർ കോർപറേഷൻ ഒഫ് ഇന്ത്യയും (കോൺകോർ) കൊച്ചി തുറമുഖ അതോറിറ്റിയും തമ്മിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
കൊച്ചി തുറമുഖത്തിന്റെ ഭാഗമായ വല്ലാർപാടം ടെർമിനലിലേക്കുള്ള റെയിൽപ്പാത 2011ൽ കമ്മിഷൻ ചെയ്തു. എന്നാൽ ചുരുക്കം ഗുഡ്സ് ട്രെയിനുകളാണ് ഇതുവരെ കടന്നുപോയിട്ടുള്ളത്. കൊവിഡിന് റോഡുകൾ പൂട്ടിയപ്പോൾ ഒരാഴ്ചയിൽ എട്ട് ട്രെയിനുകൾ ഓടിയതാണ് പറയത്തക്ക നേട്ടം. പിന്നീട് ആഴ്ചയിൽ ഒന്നായി കുറഞ്ഞു.
ഇപ്പോൾ റെയിൽപ്പാത നിശ്ചലമാണ്. നടത്തിപ്പുകാരായ കണ്ടെയ്‌നർ കോർപ്പറേഷന്റെ ഉയർന്ന നിരക്കാണ് പ്രീതികുറയാൻ പ്രധാനകാരണം. റോഡ് മാർഗമുള്ള കണ്ടെയ്‌നർ നീക്കത്തേക്കാൾ ചെലവ് വരുന്ന സ്ഥിതിയുണ്ട്. നിരക്കുകൾ ഉപഭോക്തൃ സൗഹൃദമാക്കാൻ റെയിൽമന്ത്രി അടുത്തിടെ നിർദ്ദേശം നൽകിയിരുന്നു.
ആഴക്കുറവുള്ള കൊച്ചി തുറമുഖത്ത് ചെറിയ കപ്പലുകളിലാണ് ചരക്ക് എത്തിക്കുന്നത്. അതേസമയം വിഴിഞ്ഞത്ത് മദർഷിപ്പുകൾ അടുക്കുമെന്നതിനാൽ രാജ്യാന്തര ബിസിനസ് അവിടേക്ക് കേന്ദ്രീകരിക്കും. ഈ സാഹചര്യത്തിൽ ആഭ്യന്തര കോസ്റ്റൽ കാർഗോ നീക്കത്തെയാകും കൊച്ചി തുറമുഖം കൂടുതൽ ആശ്രയിക്കുക.
തുറമുഖങ്ങൾ തമ്മിൽ ജലമാർഗവും കരമാർഗവും കണക്‌ടിവിറ്റി വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് സാഗർമാല, ഗതിശക്തി പദ്ധതികളുണ്ട്. ബംഗളൂരു, കോയമ്പത്തൂർ വ്യവസായ ഇടനാഴികളും സജ്ജമായി വരികയാണ്. വിഴിഞ്ഞം - കൊച്ചി തുറമുഖങ്ങൾ തമ്മിലുള്ള ചരക്ക് ഗതാഗതം ഇതോടെ ഗണ്യമായി വർദ്ധിക്കുമെന്നുറപ്പ്. ഇരുപാതകളും തമ്മിലുള്ള ടൂറിസം കണക്‌ഷൻ കൂടി ഉണ്ടാകണമെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.
4.62 കി.മീ മേൽപ്പാലമുള്ള
വല്ലാർപാടം റെയിൽ
വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ചതാണ് വല്ലാർപാടം റെയിൽവേ ലൈൻ
ഇടപ്പള്ളിയിൽ നിന്ന് വല്ലാർപടം വരെ 8.86 കിലോമീറ്റർ. ഇതിൽ 4.62 കി.മീ. കായലിന് മുകളിലൂടെ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെയിൽ ഓവർബ്രിഡ്ജ്. മേൽപ്പാലത്തിന് മാത്രം ചെലവ് 350 കോടി
വിഴിഞ്ഞം തുറമുഖം വഴി വല്ലാർപാടം റെയിൽപ്പാതയും രക്ഷപെടും. നിർദ്ദേശങ്ങൾ തുറമുഖ അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.
- വർഗീസ് കെ. ജോർജ്, പ്രസിഡന്റ്,
കേരള സ്റ്റീമർ ഏജന്റ്സ് അസോ.