മെഡി. കോളേജ് പൊട്ടിത്തെറി, മരണകാരണം പുകയല്ല, 4 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചു
കോഴിക്കോട്: മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ യു.പി.എസ് പൊട്ടിത്തെറിച്ചതിനിടെ ജീവൻ നഷ്ടമായവരുടെ മരണകാരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്നുപേരുടേത് സ്വാഭാവിക മരണമാണ്. അത് പുക ശ്വസിച്ചതുമൂലമല്ല. ഒരാളുടെ മരണം വിഷാംശം ഉള്ളിൽച്ചെന്നെന്നാണ് റിപ്പോർട്ടിലുള്ളത്. രോഗികളെ മാറ്റുന്നതിനിടെ പുക ശ്വസിച്ചാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വയനാട് മേപ്പാടി സ്വദേശി നസീറ (44)യാണ് വിഷാംശം ഉള്ളിൽ ചെന്ന് മരിച്ചത്. മേപ്പയൂർ പുളിച്ചികൊലാറ്റ മീത്തൽ ഗംഗാധരൻ (72), വെസ്റ്റ്ഹിൽ കുപ്പായം തൊടി ഹൗസിൽ ഗോപാലൻ (67), വടകര വള്ളൂമ്മൽ താഴെകുനിയിൽ സുരേന്ദ്രൻ (59) എന്നിവരുടേത് സ്വാഭാവിക മരണമാണ്. മൂവരെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലെത്തുംമുമ്പേ മരിച്ച പശ്ചിമ ബംഗാൾ സ്വദേശി ഗംഗയുടെ പോസ്റ്റ്മോർട്ടം നടന്നിട്ടില്ല. ഇവർ യു.പി.എസ് അപകടമുണ്ടാകുന്നതിനു മുമ്പാണ് മരിച്ചത്. എങ്കിലും മരണങ്ങളെല്ലാം പ്രത്യേക മെഡിക്കൽ സംഘം അന്വേഷിക്കും. കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ടും പുറത്തു വരേണ്ടതുണ്ട്. ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്ക് അയയ്ക്കും. വെന്റിലേറ്ററിൽ കഴിയുന്നവരെ കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് മാറ്റിയതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മരിച്ച 4 പേരിൽ ഒരാൾക്ക് ഏഴുമണിക്കാണ് ഹൃദയാഘാതം ഉണ്ടായത്. വെന്റിലേറ്ററിൽ ഉണ്ടായിരുന്നവരിൽ ഒരാളെ വെന്റിലേറ്ററോടു കൂടിയാണ് പുറത്തെത്തിച്ചതെന്നും മറ്റൊരാളെ ബദൽ സംവിധാനത്തിലൂടെയാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക അന്വേഷണം തുടങ്ങി
സംഭവത്തിന്റെ കാരണം കണ്ടെത്താൻ സാങ്കേതിക അന്വേഷണം ആരംഭിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റും ഫോറൻസിക് വിഭാഗവുമാണ് അന്വേഷണം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ അന്വേഷണം ഉടൻ ആരംഭിക്കും. ആശുപത്രിയിൽ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്.