കെ.പി.സി.സി അദ്ധ്യക്ഷൻ; തുടരാനും ഒഴിയാനും ഒരുങ്ങി സുധാകരൻ
അന്തിമ തീരുമാനം ഖാർഗെയും രാഹുലും
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പുവരെ കെ.പി.സി.സി അദ്ധ്യക്ഷനായി തുടരാൻ തയ്യാറാണെന്ന് കെ.സുധാകരൻ ഹൈക്കമാൻഡിനെ ധരിപ്പിച്ചു. വെള്ളിയാഴ്‌ച ഡൽഹിയിലെത്തിയ കെ.സുധാകരൻ ഖാർഗെയും രാഹുലുമായും ചർച്ച നടത്തിയിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റണമോ എന്ന കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സുധാകരൻ കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് അദ്ധ്യക്ഷ സ്ഥാനം ഒഴിയാനുള്ള വിസമ്മതം തുറന്നുപറഞ്ഞു. 'തുടരണമെങ്കിൽ തുടരും, മാറാൻ പറഞ്ഞാൽ അനുസരിക്കും. എന്റെ പ്രവർത്തനം വിലയിരുത്തേണ്ടത് ഹൈക്കമാൻഡാണ്." ഹൈക്കമാൻഡ് തീരുമാനം തന്നെ വിശ്വാസത്തിലെടുത്തായിരിക്കും എന്നും ആരുടെയും പേര് നിർദ്ദേശിച്ചിട്ടില്ലെന്നും സുധാകരൻ വെളിപ്പെടുത്തി.
പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കായി ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്. പുനഃസംഘടനയുടെ ഫലം ലഭിക്കാൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തും മാറ്റം അനിവാര്യമാണെന്നാണ് ചില നേതാക്കളുടെ നിലപാട്. ഇവർ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിലായിരുന്നു സുധാകരനുമായുള്ള കൂടിക്കാഴ്‌ച. പാർട്ടിയുടെ നില പരുങ്ങലിലാണെന്ന പരാതിയും രാഹുൽ ഗാന്ധിക്ക് ലഭിച്ചിരുന്നു.
പുതിയ അദ്ധ്യക്ഷനെ നിയമിച്ചാൽ സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനം നൽകിയേക്കും. അദ്ധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി, സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരുകൾ ചർച്ചയിലുണ്ട്. വയനാട് എം.പി പ്രിയങ്ക ഗാന്ധി ആന്റോ ആന്റണിയെ പിന്തുണയ്‌ക്കുന്നതായുള്ള സൂചനകളും വരുന്നു. എന്നാൽ, ഫോട്ടോ കണ്ടാൽ പ്രവർത്തകർക്ക് മനസിലാകുന്ന ആളാകണം കെ.പി.സി.സി അദ്ധ്യക്ഷനെന്ന് ആന്റോ ആന്റണിക്കെതിരെ മുനവച്ചുള്ള പ്രസ്‌താവനയുമായി കെ. മുരളീധരൻ രംഗത്തുവന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടെ അദ്ധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് മുരളീധരന്റെ അഭിപ്രായം. ഇതേ അഭിപ്രായം ശശി തരൂർ എം.പിയും പ്രകടിപ്പിച്ചു. നിരവധി തിരഞ്ഞെടുപ്പുകൾ ജയിപ്പിച്ച അദ്ധ്യക്ഷനാണ് കെ.സുധാകരനെന്ന് തരൂർ പ്രതികരിച്ചു.