വിഴിഞ്ഞം രണ്ടാംഘട്ടം നിർമ്മാണം ഈ മാസം

Sunday 04 May 2025 1:20 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം ഈ മാസം ആരംഭിക്കും. ഇതിന് 9,650 കോടി രൂപയാണ് വേണ്ടത്. ലോജിസ്റ്റിക് സംവിധാനവും മറ്റു സൗകര്യങ്ങളും ഒരുക്കി 2028ൽ പൂർണ സജ്ജമാക്കും. 20,000 കോടിയാണ് അദാനി ഗ്രൂപ്പ് മുടക്കുക.

ക്രൂസ്, മൾട്ടിപ്പർപ്പസ് ടെർമിനലുകളും വരുന്നതോടെ ടൂറിസം രംഗത്തും കുതിച്ചുചാട്ടത്തിന് വിഴിഞ്ഞം വഴിതുറക്കും. മൺസൂൺ ഒഴികെ സീസണിൽ മാസം 25 ക്രൂസ് കപ്പലുകൾ സഞ്ചാരികളുമായി എത്തുമെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ പ്രതീക്ഷ. കൊച്ചിയിൽ 20 ക്രൂസ് കപ്പലുകളാണ് എത്തുന്നത്. ഒരു വലിയ കപ്പലിൽ അയ്യായിരം വരെ സഞ്ചാരികളുണ്ടാകും. ഒരു പകൽ ചെലവിട്ട് രാത്രി മടങ്ങുന്നതാണ് പതിവ്. എന്നാൽ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളം,​ പൂവാർ എന്നിവ തൊട്ടടുത്തുള്ളപ്പോൾ സഞ്ചാരികൾ ഒന്നോ രണ്ടോ ദിവസം തങ്ങാൾ സാദ്ധ്യതയുണ്ട്. ഇത് വരുമാനം കൂട്ടും.

നിർമ്മാണാദ്ഘാടനം

ആഘോഷമാക്കും

വൻ ജനപങ്കാളിത്തത്തോടെ രണ്ടാംഘട്ട നിർമ്മാണാദ്ഘാടനവും നടത്താനാണ് സ‌ർക്കാരിന്റെ തീരുമാനം.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നത് മൂന്ന് ആഘോഷങ്ങളാണ്. 2023 ഒക്ടോബറിൽ ആദ്യ ചരക്കു കപ്പലിന് ഗംഭീര സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചിരുന്നു. അടുത്ത ചടങ്ങ് 2024 ജൂലായിൽ ട്രയൽ റണ്ണിന്റേതായിരുന്നു. വെള്ളിയാഴ്ച നടന്നത് കമ്മിഷനിംഗും.

നാടറിയുന്ന വിധത്തിൽ രണ്ടാംഘട്ട ഉദ്ഘാടനം നടത്തും. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീയതി പ്രഖ്യാപിക്കും -

- വി.എൻ.വാസവൻ,

തുറമുഖമന്ത്രി