കോഴിക്കോട് മെഡി. കോളേജിലെ പൊട്ടിത്തെറി, മൂന്നു ദിവസത്തിനുള്ളിൽ സാധാരണ നിലയിലാവും
സാങ്കേതിക അന്വേഷണം തുടങ്ങി
കോഴിക്കോട്: മെഡി. കോളേജിൽ പൊട്ടിത്തെറിയും പുകയുമുണ്ടായ ബ്ലോക്ക് മൂന്നു ദിവസത്തിനുള്ളിൽ പ്രവർത്തനം പുനരാരംഭിക്കും. സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാച്ചെലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആശുപത്രികളുമായി സംസാരിച്ച് തീർപ്പാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗികളെ ഡോക്ടർമാരടങ്ങുന്ന സംഘം നിരീക്ഷിക്കും. പണമില്ലാതെ ചികിത്സ മുടങ്ങുന്ന സാഹചര്യമുണ്ടാവില്ല. ഏതെങ്കിലും ആശുപത്രി ചികിത്സ നിഷേധിക്കുന്നെങ്കിൽ സർക്കാർ ഇടപെടും. ഇന്നലെ മെഡി.കോളേജിലെ ക്യാഷ്വാലിറ്റി പ്രവർത്തിച്ചിരുന്നില്ല. പകരം ബീച്ച് ആശുപത്രിയിലൊരുക്കിയ താത്കാലിക ക്യാഷ്വാലിറ്റിയിലാണ് ഗുരുതര രോഗികളെ എത്തിച്ചത്.
പൊട്ടിത്തെറിക്ക് ഇടയാക്കിയ എം.ആർ.ഐ മെഷീന്റെ യു.പി.എസ് മുറിയിൽ ഉൾപ്പെടെ പരിശോധന നടക്കുകയാണ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ അപകടകാരണം വ്യക്തമാവുകയുള്ളൂ. ഷോർട്ട് സർക്യൂട്ടോ ബാറ്ററി തകരാറോ ആകാം പുകയ്ക്ക് കാരണമെന്നാണ് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.
2026 ഒക്ടോബർ വരെ വാറന്റിയുള്ള യു.പി.എസ് യൂണിറ്റാണ് അപകടത്തിലായത്. ഫിലിപ്‌സ് കമ്പനിയുടേതാണ് എം.ആർ.ഐ മെഷീൻ. കമ്പനിയോടും മന്ത്രി റിപ്പോർട്ട് തേടി. തീപിടിത്തവുമായി ബന്ധപ്പെട്ടും സംഭവസമയത്ത് നടന്ന മരണവുമായി ബന്ധപ്പെട്ടും മെഡി.കോളേജ് പൊലീസ് കേസെടുത്തു.
മറ്റ് ആശുപത്രികളിൽ 37 പേർ
151 രോഗികളാണ് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നത്. അതിൽ 37 പേരെയാണ് മറ്റ് ആശുപത്രികളിലേക്കു മാറ്റിയത്. ഇതിൽ 12 പേർ ജനറൽ ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലുമാണ്.