വിഴിഞ്ഞം വിവാദത്തിൽ രാജീവ് ചന്ദ്രശേഖർ, "കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകൻ ഡോക്ടറെ കാണട്ടെ "

Sunday 04 May 2025 1:38 AM IST

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. താൻ വേദിയിൽ നേരത്തെയെത്തിയത് പ്രവർത്തകരെ കാണാനാണ്. പ്രവർത്തകർ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ ഒപ്പം വിളിച്ചു. അതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെയെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ കമ്മി​റ്റിയുടെ വികസന കേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ്. സി.പി.എമ്മുകാർ മുഴുവൻ ട്രോളുകയാണ്. എത്ര വേണമെങ്കിലും ട്രോളിക്കോളൂ. എൻ.ഡി.എയുടെ ട്രെയിൻ പുറപ്പെട്ടുകഴിഞ്ഞു. വികസന കേരളമെത്തിയിട്ടേ നിർത്തൂ. ഈ ട്രെയിനിൽ ആർക്കുവേണമെങ്കിലും കയറാം, മരുമകനും കയറാം. ബി.ജെ.പിയെ അധികാരത്തിലെത്തിച്ചിട്ടേ താൻ ഇവിടെ നിന്നു പോകൂവെന്നും പറഞ്ഞു.