ഇന്ന് എഴുത്തിനെ നിയന്ത്രിക്കുന്നത് വിപണി: എം. മുകുന്ദൻ
മഞ്ചേരി: പ്രബുദ്ധരായ വായനക്കാരാണ് മുൻമ്പ് എഴുത്തുകാരെയും വായനയെയും വിലയിരുത്തിയിരുന്നതെങ്കിൽ ഇപ്പോൾ വിപണിയാണ് എഴുത്തിനെ വായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്ന് എം. മുകുന്ദൻ. മഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ച എഡ്യുക്കേഷൻ മാളായ ഈഡിയുവിന്റ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ എഴുത്തും നിലപാടും എന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്. മാധവൻ, എൻ.ഇ. സുധീർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ജാതി ബോധത്തേയും മതബോധ ത്തേയും വളർത്തുന്നത് രാഷ്ട്രീയമാണെന്നും രാഷ്ട്രീയക്കാരെയല്ല രാഷ്ട്രീയം മാത്രമാണ് സമൂഹത്തിന് ആവശ്യമെന്നും എം. മുകുന്ദൻ പറഞ്ഞു. ആൾക്കൂട്ട ആക്രമണം ഭയപ്പെടാതെ എഴുതാൻ കഴിയുന്നത് ഇപ്പോൾ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമാണെന്ന് എൻ.എസ്. മാധവൻ പറഞ്ഞു. എഴുത്തുകാരൻ സ്വയം സെലിബ്രിറ്റി ആവേണ്ട കാലഘട്ടത്തിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നും എഴുത്തുകാർ അവരുടെ കൃതിയുടെ മുൻമ്പേയല്ല നിഴലായാണ് നടക്കേണ്ടതെന്നും ബാക്കിയുള്ള നിയന്ത്രണങ്ങളും വിലയിരുത്തലുകളും വായനക്കാരനാണ് നടത്തേണ്ടതെന്നും എൻ.ഇ. സുധീർ പറഞ്ഞു. ഇന്ന് രാവിലെ 11.15 മുതൽ 12.15 വരെ 'പ്രവാസം, ഓർമ്മ, എഴുത്ത്' എന്ന വിഷയത്തിൽ എഴുത്തുകാരായ ബെന്യാമിൻ, ദൃശ്യ പത്മനാഭൻ എന്നിവർ ചർച്ച നടത്തും. 12.30 മുതൽ 1.15 വരെ 'എന്റെ പുസ്തക ജീവിതം' എന്ന വിഷയത്തിൽ എഴുത്തുകാരായ എൻ.ഇ.സുധീറും 4 മുതൽ 5 വരെ മുഹമ്മദ് അബ്ബാസും സംസാരിക്കും. 5 മുതൽ 6 വരെ 'ഞാൻ വന്ന വഴി' എന്ന വിഷയത്തിൽ നിന്മ വിജയ് സംസാരിക്കും. 6.30 മുതൽ 8.30 വരെ ഗായകൻ കൊല്ലം ഷാഫിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.