കെ സ്മാർട്ട് പദ്ധതി: നട്ടം തിരിഞ്ഞ് പൊതുജനം

Sunday 04 May 2025 12:29 AM IST

കാളികാവ്: കെ സ്മാർട്ട് പദ്ധതിയിലെ പ്രായോഗിക പ്രശ്നങ്ങൾ മൂലം നട്ടം തിരിഞ്ഞു പൊതുജനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്നതിനായി കേരള സർക്കാർ കൊണ്ടു വന്നതാണ് കെ സ്മാർട്ട് പദ്ധതി.

നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ സ്മാർട്ട് അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി, ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ വികസിപ്പിച്ചത്.

2025 ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനത്തിലേക്ക് മാറിയതോടെ ഓൺ ലൈൻ സേവനങ്ങൾക്ക് കാര്യക്ഷമതയും വേഗതയും കൂടിയിട്ടുണ്ട്. എന്നാൽ ചില വ്യക്തിഗത സേവനങ്ങൾ അടക്കമുള്ളവ പുതിയ സംവിധാനത്തിൽ എന്റർ ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഏത് സേവനവും സമർപ്പിക്കുന്നതിന് ഒ.ടി.പി സംവിധാനവും നിർബ്ബന്ധമാക്കി. ഇതും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമെ ഒ.ടി.പി ലഭിക്കുകയുള്ളു. പലരും ഇത് ചെയ്തിട്ടില്ലെന്നത് തടസമാവുന്നുണ്ട്.

സമയബന്ധിതം സേവനങ്ങൾ

  • കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ.സ്മാർട്ട് വിന്യസിച്ചത്.
  • ഏപ്രിൽ ഒന്നിനാണ് കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചത്.
  • എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്കു ലഭ്യമാകുന്നതിനായുള്ള ഓൺലൈൻ സേവനമാണ് കെസ്മാർട്ട് പദ്ധതി.
  • അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി അറിയാനും സാധിക്കുന്നു എന്ന വലിയ ഗുണവും ഇതിലുണ്ട്.
  • കൂടാതെ അപേക്ഷകളും പരാതികളും കൈപ്പറ്റിയതിന്റെ രസീത് പരാതിക്കാരന്റെ അല്ലെങ്കിൽ അപേക്ഷകന്റെ വാട്സ്ആപ്പിലും ഇമെയിലിലും ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനത്തിലൂടെ അയച്ച് കൊടുക്കുകയും ചെയ്യുന്നു.