നിയയെ നായ കടിച്ചത് താറാവിനെ രക്ഷിക്കവെ

Sunday 04 May 2025 12:35 AM IST

കൊല്ലം: പിന്നാലെ എപ്പോഴും കുണുങ്ങി നടക്കാറുള്ള താറാവുകളിലൊന്നിനെ നായ പിടിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് നിയയ്ക്ക് കടി​യേറ്റത്. ഓടിക്കാൻ ശ്രമിച്ചപ്പോൾ തെരുവുനായ നിയയുടെ ദേഹത്തേക്ക് ചാടി​വീഴുകയായി​രുന്നു. അമ്മ ഹബീറയ്ക്ക് ആറ് താറാവുകളുണ്ട്.

തൊട്ടടുത്ത് ബന്ധുവിന്റെ വീടിന്റെ നിർമ്മാണം നടക്കുന്നുണ്ട്. അവിടെ തൊഴിലാളികൾക്ക് വെള്ളം കൊടുത്ത പാത്രവുമായി​ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിയ. പിന്നിലെ താറാവിനെ ഓടിച്ച് തെരുവുനായ എത്തി​. നിയയുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലാളികളും അയൽവാസികളും നായയ്ക്ക് പിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസത്തിനു ശേഷം സമീപത്ത് ചത്ത നിലയിൽ കണ്ടെത്തിയ ഒരു നായയെ നാട്ടുകാർ കുഴിച്ചിടുകയും ചെയ്തു. ഈ നായയെ കുട്ടിയെ കാണിച്ചതുമില്ല.

കടിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസവും ഒരു നായ നിയയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി മാതാവ് പറഞ്ഞു. കുന്നിക്കോട് എ.പി.പി.എം.വി.എച്ച്.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്രദേശത്ത് പലേടത്തും ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം തള്ളുന്നുണ്ട്. അതി​നാൽ ഇവി​ടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

പനിയിൽ തുടക്കം

ഏപ്രിൽ എട്ടിന് രാവിലെ പതിനൊന്നരയ്ക്കാണ് നിയയ്ക്ക് കടിയേറ്റത്. രക്ഷിതാക്കൾ ഉടൻ തൊട്ടടുത്തുള്ള വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രക്തസ്രാവമുള്ള കാറ്റഗറി 3 വിഭാഗം മുറിവാണുണ്ടായത്. ഐ.ഡി.ആർ.വി വാക്സിനെടുത്ത ശേഷം മുറിവിൽ മരുന്ന് വയ്ക്കാൻ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഏപ്രിൽ 11, 15നും തുടർ വാക്സിനുമെടുത്തു. 28ന് തീവ്രമായ പനിയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത തലവേദനയും കടിയേറ്റ ഭാഗത്ത് ചൊറിച്ചിലും ഉണ്ടായതോടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. വെള്ളിയാഴ്ചയാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കടിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞില്ല. വാക്സിനെടുത്തിട്ടും പേ വിഷബാധ ഉണ്ടായതിൽ കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ നില ഗുരുതരമാണ്. ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാദ്ധ്യമായതെല്ലാം ചെയ്യും

-ഡോ.ബിന്ദു,​ സൂപ്രണ്ട്.

എസ്.എ.ടി ആശുപത്രി.