മഷിയിട്ടു നോക്കിയാലും കണ്ടുകിട്ടില്ല മുദ്രപ്പത്രം!
കൊല്ലം: സെർവറും നെറ്റ് കണക്ഷനും തകരാറിലാവുന്നത് പതിവായതോടെ ജില്ലയിൽ മുദ്രപ്പത്രം കിട്ടാൻ കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥ.
കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വെണ്ടറുടെ ഓഫീസിൽ കയറിയിറങ്ങുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ കിട്ടിയാലായി!
സർക്കാർ പുതിയ വെണ്ടർ ലൈസൻസ് കൊടുക്കാത്തതിനാൽ ഓരോ സബ് രജിസ്ട്രാർ ഓഫീസ് പരിധിയിലും വളരെ കുറച്ച് പേർ മാത്രമേ ഇപ്പോഴുള്ളൂ. ഇവരുടെ ഓഫീസുകൾക്ക് മുന്നിൽ രാവിലെ മുതൽ ക്യൂവാണ്. കുറഞ്ഞത് 25 പേരെങ്കിലും രാവിലെ മുതൽ ഉച്ച വരെ ഒരു വെണ്ടർക്ക് മുന്നിൽ ക്യൂവിലുണ്ടാകും. ക്യൂവിൽ നിന്ന് മണിക്കൂറുകൾ കഴിഞ്ഞ് കമ്പ്യൂട്ടറിന് മുന്നിലെത്തുമ്പോൾ നെറ്റ് കിട്ടില്ല. ഇതോടെ നിരാശനായി മടങ്ങും. തൊട്ടടുത്ത ദിവസം വീണ്ടും ക്യു നിൽക്കുമ്പോഴായിരിക്കും ഇന്റർനെറ്റിന്റെ വേഗക്കുറവ് പ്രശ്നമാകുന്നത്. തൊട്ടടുത്ത ദിവസം പണം അടച്ച് കഴിയുമ്പോൾ മുദ്രപ്പത്രത്തിന്റെ ഡൗൺലോഡിംഗ് ക്യൂവിലാകും. സാധനം കൈയിൽ കിട്ടാൻ അടുത്ത ദിവസം വീണ്ടും വരണം. ഇങ്ങനെ 200 രൂപയുടെ മുദ്രപ്പത്രം കിട്ടാൻ അഞ്ച് ദിവസത്തെ ജോലി കളയേണ്ട അവസ്ഥയാണ്.
വീടുകളുടെ വാടകക്കരാർ, കടമുറി വാടകച്ചീട്ട്, ഒറ്റി എഗ്രിമെന്റ്, ബാങ്കുകളിലെ വായ്പ കരാർ, തദ്ദേശ സ്ഥാപനങ്ങളിലെ ഗുണഭോക്തൃ കരാർ, ഇരുചക്ര വാഹനങ്ങളുടെ വില്പന കരാർ തുടങ്ങി 100 മുതൽ 1000 രൂപയുടെള വരെ മുദ്രപ്പത്രം വാങ്ങാൻ ഇറങ്ങുന്നവരാണ് ദിവസവും വലയുന്നത്. മുദ്രപ്പത്രം സമയത്ത് ലഭിക്കാത്തതിനാൽ വിദേശത്തേക്ക് പഠനത്തിനും തൊഴിലിനുമുള്ള പലരുടെയും യാത്രകളും മുടങ്ങുന്നുണ്ട്.
ജാഗ്രത വേണം
ഡൗൺലോഡ് ചെയ്തെടുക്കുന്ന മുദ്രപ്പത്രത്തിന്റെ എത്ര പ്രിന്റ് വേണമെങ്കിലും ഒരാൾക്ക് എടുക്കാം. എന്നാൽ ഒരേ സീരിയൽ നമ്പരായിരിക്കുമെന്ന് മാത്രം. സബ് രജിസ്ട്രാർ ഓഫീസുകളിൽ പോയി മുദ്രപ്പത്രം രജിസ്റ്റർ ചെയ്യുമ്പോൾ പത്രത്തിലെ സീരിയൽ നമ്പർ ഡീഫേസ് ചെയ്യപ്പെടും. പിന്നീട് ഈ സീരിയൽ നമ്പരുള്ള മുദ്രപ്പത്രം ഉപയോഗിച്ച് ഒന്നും രജിസ്റ്റർ ചെയ്യാനാകില്ല. എന്നാൽ വാടക കരാർ, അടക്കമുള്ള ചെറിയ ഇടപാടുകൾക്ക് രജിസ്റ്റർ ചെയ്യാറില്ല. ഇത്തരം ഇടപാടുകൾ മുദ്രപ്പത്രങ്ങളുടെ പകർപ്പ് ഉപയോഗിച്ച് നടത്തിയാൽ തർക്കങ്ങളുണ്ടാകുമ്പോൾ നിയമസാധുത ഉണ്ടാകില്ല.
നിശ്ചിത തുക സർവീസ് ചാർജ്ജ് കൂടി ഏർപ്പെടുത്തി അക്ഷയ കേന്ദ്രങ്ങൾ വഴിയും മുദ്രപ്പത്രങ്ങൾ നൽകിയാൽ നിലവിലെ പ്രശ്നത്തിന് പരിഹാരമായേക്കും
ആർ. ഷൺമുഖദാസ് (മനുഷ്യാവകാശ പ്രവർത്തകൻ)