പരിമിതികൾ സനിലിന്റെ കവിതകൾക്ക് ഇന്ധനം

Sunday 04 May 2025 1:07 AM IST
സനിൽ

കൊല്ലം: പരിമിതികളിൽ നിന്നാണ് കൊട്ടാരക്കര വെണ്ടാർ ഇടക്കടമ്പ് മിനി മന്ദിരത്തിൽ സനിൽ (24) കവിതയെഴുതി തുടങ്ങിയത്. ഇടത് കൈയില്ലാതെയായിരുന്നു സനിലിന്റെ ജനനം. ഇതുകാരണം കൂട്ടുകാർക്കൊപ്പം കളിക്കാനാകാതെ സനി​ലി​ന്റെ ബാല്യം വീട്ടിലൊതുങ്ങി. ഏകമകന്റെ സങ്കടം സന്തോഷ് - മിനിമോൾ ദമ്പതികൾക്കും നൊമ്പരമായി. സ്‌കൂളിൽ നി​ന്നെത്തിയാൽ മുറി അടച്ചിരുന്ന് നോട്ടുബുക്കുകളിൽ സനിൽ കവിതകളെഴുതി. ചുറ്റും കാണുന്ന സനിലിന്റെ ഭാവനയിലൂടെ കടലാസിലെത്തുമ്പോൾ ചെറി​യ സങ്കടങ്ങളും നിറഞ്ഞു. അങ്ങനെ 40 കവിതകൾ ചേർത്ത് 'നിഴൽ മരങ്ങൾ' എന്ന പുസ്‌തകവുമിറക്കി. സനിൽ വെണ്ടാർ എന്ന പേരിലാണ് കവിതയെഴുത്ത് കൊവിഡ് കാലത്ത് ഈർക്കിലുകളിൽ സനിൽ ശില്പങ്ങളുണ്ടാക്കിയത് അയൽക്കാരിലൂടെ പുറംലോകമറിഞ്ഞു. ലോട്ടറി ടിക്കറ്റും ഈർക്കിലും മറ്റ് പാഴ് വസ്തുക്കളുമെല്ലാം സനിലിലൂടെ വീടും ലോറിയുമടക്കമുള്ള വിസ്മയ നിർമ്മിതികളായി. ഒറ്റക്കൈകൊണ്ട് നിർമ്മിച്ച ശില്പം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കാനുമായി.  കവിതാ രചനയിൽ ഒന്നാം സമ്മാനം ബിരുദ വിദ്യാർത്ഥിയായിരിക്കെ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതാ രചനയിൽ മികവുകാട്ടി. കഴിഞ്ഞ ജില്ലാ കേരളോത്സവത്തിലെ മലയാളം കവിതാ രചനയിൽ ഒന്നാം സമ്മാനം ലഭിച്ചു. സംസ്ഥാന കേരളോത്സവത്തിന്റെ മത്സര ഫലം കാത്തിരിക്കുകയാണ്. പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ ബി.എഡ് പഠിക്കുന്ന സനിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ മലയാളം ബിരുദാനന്തര ബിരുദത്തിനും ചേർന്നിട്ടുണ്ട്. സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് യുവജനങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ കൊല്ലത്തെ പ്രതിനിധീകരിക്കുന്നത് സനിലാണ്. വെണ്ടാറിൽ ടയർ തൊഴിലാളിയാണ് സനിലിന്റെ അച്ഛൻ സന്തോഷ്. അമ്മ മിനിമോൾ തയ്യൽ തൊഴിലാളിയാണ്.