ത്രില്ലറിൽ ആർ.സി.ബി
ബംഗളൂരു: ഐ.പി.എല്ലിൽ ഇന്നലെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രണ്ട് റൺസിന്റെ നാടകീയ ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. പ്ലേ ഓഫും ഏറെക്കുറെ ഉറപ്പിച്ചു ആർ.സി.ബി. ചെപ്പോക്കിലെ തോൽവിക്ക് ചിന്നസ്വാമിയിൽ പകരം ചോദിക്കാനെത്തിയ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ, ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 213 റൺസ് നേടി. മറുപടിക്കിറങ്ങിയ ചെന്നൈ പൊരുതിയെങ്കിലു 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 211 റൺസ് നേടാനെ അവർക്ക് കഴിഞ്ഞുളളൂ.
റൊമാരിയോ റോക്ക്‌സ്
ഓപ്പണർമാരായ വിരാട് കൊഹ്ലിയും (33 പന്തിൽ 62), ജേക്കബ് ബഥേലും (33 പന്തിൽ 55) നൽകിയ മികച്ച തുടക്കത്തിന് ശേഷം ഇടയ്ക്കൊന്ന് പതറിയെങ്കിലം അവസാന ഓവറുകളിൽ നിറഞ്ഞാടിയ റൊമാരിയോ ഷെപ്പേർഡിന്റെ വെടിക്കെട്ട് ഫിനിഷിംഗിലൂടെയാണ് ആർ.സി.ബി 200 കടന്നത്. 14 പന്ത് നേരിട്ട ഷെപ്പേർഡ് 6 സിക്സും 4 ഫോറും ഉൾപ്പെടെ 53 റൺസുമായി പുറത്താകാതെ നിന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ ആർ.സി.ബി ഇന്നിംഗ്സിലെ 19-ാം ഓവറിൽ ഷെപ്പേർഡ് 4 സിക്സും 2 ഫോറും അടിച്ചുകൂട്ടി. ഒരു നോബോൾ കൂടിയായപ്പോൾ 19-ാം ഓവറിൽ ഖലീൽ നൽകിയത് 33 റൺസാണ്. അവസാന ഓവറിൽ അത് വരെ മികച്ച രീതിയിൽ പന്തെറിഞ്ഞ മതീഷ പതിരണയ്ക്കെട്ടും ഷെപ്പേർഡ് 2 വീതം സിക്സും ഫോറും നേടി. അവസാന രണ്ട് പന്തുകളിലും സിക്സടിച്ചാണ് ഷെപ്പേർഡ് അർദ്ധ സെഞ്ച്വറി തികച്ചത്. അവസാന 2 ഓവറിൽ 54 റൺസാണ് അർ.സി.ബിയുടെ അക്കൗണ്ടിലേക്കെത്തിയത്. നേരത്തേ ബെഥേലും കൊഹ്ലിയും ചേർന്ന് ഗംഭീര തുടക്കമാണ് ആർ.സി.ബിക്ക് നൽകിയത്. ഇരുവരും അടിച്ച് കളിച്ചതോടെ ആർ.സി.ബിയുടെ സ്കോർ അതിവേഗം കുതിച്ചു. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമല്ലാതെ 71 റൺസാണ് ആർ.സി.ബി നേടിയത്. ഇരുവരും 9.5 ഓവറിൽ 97 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആർ.സി.ബിയുടെ ഈ സീസണിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. ബെഥേലിനെ ബ്രെവിസിന്റെ കൈയിൽ എത്തിച്ച് പതിരാനയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് കൊഹ്ലിയെ സാം കറനും പുറത്താക്കിയതോടെ ആർ.സി.ബിയുടെ സ്കോറിംഗ് വേഗം കുറഞ്ഞു. ദേവ്ദത്ത് പടിക്കൽ (17), ക്യാപ്ടൻ രജത് പട്ടീദാർ (11), ജിതേഷ് ശർമ്മ(7) എന്നിവർ നിരാശപ്പെടുത്തി. ഇതിന് ശേഷമാണ് അറാം വിക്കറ്റിൽ ഷെപ്പേർഡ് ടിം ഡേവിഡിനൊപ്പം (1) 15 പന്തിൽ പുറത്താകാതെ 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്. ഇതിൽ 1 റൺസ് മാത്രമായിരുന്നു ഡേവിഡിന്റെ സംഭാവന. ചെന്നൈക്കായി പതിരാന മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
പൊരുതി വീണു
മറുപടിക്കിറങ്ങിയ ചെന്നൈക്കായി 17കാരൻ ഓപ്പണർ ആയുഷ് മാത്രയും (48 പന്തിൽ 94), രവീന്ദ്ര ജഡേജയും (പുറത്താകാതെ 45 പന്തിൽ 75) മികച്ച പ്രകടനം പുറത്തെടുത്തു. ഷെയ്ഖ് റഷീദിനൊപ്പം ആയുഷ് ഓപ്പണിംഗ് വിക്കറ്റിൽ 27 പന്തിൽ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ റഷീദിനെ ക്രുനാലും പകരമെത്തിയ സാം കറനെ (5) ലുങ്കി എൻഗിഡിയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി. തുടർന്നെത്തിയ ജഡേജയും ആയുഷുംസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ചെന്നൈയ്‌ക്ക് പ്രതീക്ഷ നൽകി. ഇരുവരും മൂന്നാം വിക്കറ്റിൽ 64 പന്തിൽ 114റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 17-ാം ഓവറിൽ ആയുഷിനേയും ഡെവാൾഡ് ബ്രെവിസിനേയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി എൻഗിഡി ആർ.സി.ബിയെ കളിയിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. യഷഅ ദയാൽ എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്ക്ക് ജയിക്കാൻ 15 റൺസ് വേണമായിരുന്നു. ആ ഓവറിൽ ധോണിയെ ദയാൽ പുറത്താക്കി. പിന്നീട് സിക്സടിച്ച് ശിവം ദുബെ ചെന്നൈക്ക് പ്രതീക്ഷ നൽകിയെങ്കിലും തുടർന്നുള്ള പന്തുകൾ മനോഹരമായി എറിഞ്ഞ് ഒരിക്കൽക്കൂടി യഷ് അവസാന ഓവറിൽ ആർ.സി.ബിയുടെ രക്ഷകനായി. ഹേസൽവുഡിന് പകരം ഇന്നലെ അവസരം ലഭിച്ച എൻഗിഡി ആർ.സി.ബിക്കായി 3 വിക്കറ്റ് വീഴ്‌ത്തി.
കളിയിലെ കാര്യങ്ങൾ
14 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച റൊമാരിയോ ഷെപ്പേർഡ് ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയെന്ന കെ.എൽ രാഹുലിന്റെ (പഞ്ചാബിനായി) റെക്കാഡിനൊപ്പമെത്തി. ഒരു ആർ.സി.ബി താരത്തിന്റെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി.
2019 മുതൽ 180ന് മുകളിലുള്ള ടോട്ടൽ ചെന്നൈയ്ക്ക് ചേസ് ചെയ്യാനായിട്ടില്ല. 12 മത്സരങ്ങളിലും തോറ്റു
ഇത്തവണ ചെപ്പോക്കിലും ചിന്നസ്വാമിയിലും ജയം നേടാനും ആർ.സി.ബിക്കായി
ഐ.പി.എല്ലിൽ ഒരു ഫ്രാഞ്ചൈസിക്കായി 300 സിക്സ് നേടുന്ന താരമെന്ന റെക്കാഡ് കൊഹ്‌ലി സ്വന്തമാക്കി. മത്സരത്തിൽ കൊഹ്‌ലി5 സിക്സ് നേടി.
മുഹമ്മദ് ഫസൽ ചാമ്പ്യൻ
കോട്ടയം: ഇന്റർനാഷണൽ ഗ്രാൻഡ് മാസ്റ്റർ ചെസിനോടനുബന്ധിച്ച് നടത്തിയ കാറ്റഗറി ബി ചെസ് മത്സരത്തിൽ മലയാളി താരം മുഹമ്മദ് ഫസൽ.വി.യു ചാമ്പ്യനായി. ഒൻപത് റൗണ്ടിൽ നിന്ന് എട്ടര പോയിന്റ് നേടിയാണ് മുഹമ്മദ് ഫസൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. തമിഴ്‌നാടിറെ എം.അപ്പാസ് റണ്ണറപ്പായി. മഹാരാഷ്ട്രയുടെ പ്രത്‌മേഷ് ധർമധികരി മൂന്നാം ്ഥാനം നേടി.
അതേസമയം ഗ്രാൻഡ് മാസ്റ്റർ ചെസിന്റെ ആറ് റൗണ്ടുകൾ പിന്നിട്ടപ്പോൾ ജോർജിയയുടെ പന്ത് സുലയി ലെവൻ
അർമേനിയയുടെ ഗ്രിഗറി കരൻ,ഉസ്‌ബെക്കിസ്ഥാന്റെ ഡുസ്വുമെ വി മരാറ്റ് എന്നിവർ അഞ്ചര പോയിന്റോടെ ലീഡ് നേടി. മലയാളി താരങ്ങളിൽ അഭിഷേക്.റ്റി.എം നാലരപോയിന്റ് നേടി. കർണ്ണാടകയുടെ ബലിക് ഷാൻ, ജോർജിയൻ ഗ്രാൻഡ് മാസ്റ്റർ സനികിഡ് സെ ടോർമേകെയെ അട്ടിമറിച്ചു.
(പ്രമുഖ ചെസ് പുസ്തക രചയിതാവാണ് ലേഖകൻ)
ഗോൾഡൻ ഗോവ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഗോവ എഫ്.സി ചാമ്പ്യന്മാരായി. ഇന്നലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോവ കിരീടത്തിൽ മുത്തമിട്ടത്. ഇരട്ട ഗോൾ നേടിയ ബോർജ ഹെരേരയാണ് ഗോവയുടെ വിജയശില്പി.സെർബിയൻ താരം ഡെജാൻ ഡ്രാസിക്ക് ഒരുഗോൾ നേടി.