തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; എഡിജിപി എം ആർ അജിത് കുമാറിനെതിരെ മൊഴി നൽകി മന്ത്രി കെ രാജൻ

Sunday 04 May 2025 8:39 AM IST

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി മന്ത്രി കെ രാജൻ. പൂരം അലങ്കോലപ്പെട്ട സമയത്ത് അജിത് കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രിയുടെ മൊഴി. ഔദ്യോഗിക നമ്പറിലും പേഴ്‌സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് രാജൻ മൊഴി നൽകിയിരിക്കുന്നത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടൽ അജിത് കുമാ‌ർ നടത്തിയിട്ടില്ലെന്നും മന്ത്രി അന്വേഷണസംഘത്തോട് പറഞ്ഞു.

ഇതിൽ അജിത് കുമാറിന്റെ വിശദീകരണം അന്വേഷണ സംഘം രേഖപ്പെടുത്തും. അജിത് കുമാർ വിരമിക്കാൻ മാസങ്ങൾ മാത്രമുളളപ്പോഴാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിന്റെ അന്തിമ റിപ്പോർട്ട് ഈ മാസത്തോടെ ഡിജിപി നൽകും.

അതേസമയം,​ ഇക്കൊല്ലത്തെ തൃശൂർ പൂരത്തിനായുളള കാത്തിരിപ്പിലാണ് ജനങ്ങൾ. ഇത്തവണ മേയ് ആറിനാണ് തൃശൂർ പൂരം. തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള ചമയ പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പൂരത്തിനായുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ബോർഡ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. പൂരം നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ അറിയിച്ചു. കഴിഞ്ഞ പ്രാവശ്യം ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തവണത്തെ പൂരം സുഗമമായി നടത്തുന്നതിന് സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. നിലവിൽ പൂരവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.