'പ്രായമല്ല പ്രാപ്തിയാണ് പ്രധാനം'; തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന് ചിലർ മനഃപൂർവം പ്രചരിപ്പിക്കുന്നുവെന്ന് കെ സുധാകരൻ

Sunday 04 May 2025 12:24 PM IST

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ. കെപിസിസി നേതൃമാറ്റ ചർച്ചകളിൽ ഒരു മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ചിലർ മനഃപൂർവം പ്രചരിപ്പിക്കുകയാണെന്നും സ്ഥാനം ഒഴിയാൻ പാർട്ടി പറഞ്ഞാൽ ഒഴിയുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

'പ്രായമല്ല പ്രാപ്തിയാണ് പ്രധാനം. എത്ര വർഷത്തെ പാരമ്പര്യം എനിക്കുണ്ട്. ഞാൻ എന്നും പാർട്ടിയ്ക്ക് വിധേയനാണ്. ഡൽഹിയിൽ വച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുമായും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ഒന്നര മണിക്കൂർ സംസാരിച്ചു. കേരള രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പും ചർച്ചയായി.

നേതൃമാറ്റം എന്ന വാർത്ത മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. മാറ്റുമെന്ന് സൂചന ഇതുവരെ ലഭിച്ചിട്ടില്ല. സണ്ണി ജോസഫിന്റെയും ആന്റോ ആന്റണിയുടെയും പേര് എങ്ങനെ വന്നുവെന്ന് അറിയില്ല. സണ്ണി ജോസഫുമായി ഇന്നലെയും സംസാരിച്ചു. എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ചിലർ മനഃപൂർവം പ്രചരിപ്പിക്കുന്നതാണ്. എന്റെ പ്രവർത്തനത്തിൽ എവിടെയെങ്കിലും അനാരോഗ്യം ബാധിച്ചോ? ആരോഗ്യപ്രശ്നം ഉണ്ടെങ്കിൽ ഞാൻ ചികിത്സ തേടില്ലേ? എന്നെ മൂലയ്ക്കിരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നു. എനിക്ക് ഉറപ്പാണ് എന്നെ അഖിലേന്ത്യാ കമ്മിറ്റി മാറ്റില്ല. മാറുമെന്ന് പറയുന്നവർ സ്വയം നിർത്തണം. അത് നിർത്താൻ യാചിക്കില്ല',- കെ സുധാകരൻ പറഞ്ഞു.

കെ മുരളീധരന്റെ ഫോട്ടോ പ്രയോഗത്തെയും സുധാകരൻ പിന്തുണച്ചു. നേതൃപദവിയിൽ എത്തുന്നവർ ജനങ്ങൾക്ക് പരിചിതരാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോട്ടോ കണ്ടാൽ പ്രവർത്തകർക്ക് മനസിലാകുന്ന ആളാകണം കെപിസിസി അദ്ധ്യക്ഷനെന്നാണ് കെ മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടെ അദ്ധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് മുരളീധരന്റെ അഭിപ്രായം. ഇതേ അഭിപ്രായം ശശി തരൂർ എംപിയും പ്രകടിപ്പിച്ചു.