സ്‌കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: വല്ലപ്പുഴയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ദിജീഷ എന്ന പെൺകുട്ടിയാണ് മരിച്ചത്. കുറുവട്ടൂരിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.
അതേസമയം, തലസ്ഥാനത്ത് പുലർച്ചെയുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം പട്ടത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചാണ് യാത്രക്കാരൻ മരിച്ചത്. 40കാരനായ ശ്രീകാര്യം സ്വദേശി സുനിയാണ് മരിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് മുൻപിൽ ഇന്ന് പുലർച്ചെ മുന്നര മണിയോടെയായിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ഓട്ടോറിക്ഷയിലും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ആളികത്തുകയായിരുന്നുവെന്നാണ് അപകടം കണ്ടുനിന്നവർ പറഞ്ഞത്. സുനി ഓട്ടോറിക്ഷയിലെ യാത്രക്കാരിലൊരാളായിരുന്നു.
ഗാന്ധിപുരം സ്വദേശി അയാനാണ് (19) കാറോടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് പൊലീസ് അപകട സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഓട്ടോറിക്ഷ കത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഫോറൻസിക് പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, വേളാങ്കണ്ണിയിലേക്ക് പോയ വാനും ബസും കൂട്ടിയിടിച്ച് അപകടത്തിൽ നാല് തിരുവനന്തപുരം സ്വദേശികൾ മരിച്ചു. ചെന്നൈ തിരുവാരൂരിലാണ് സംഭവം. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ അടുത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഇവർ തീർത്ഥാടനത്തിനായി പോയത്.