വിജിലൻസിന്റെ കൈക്കൂലിപ്പട്ടിക ഇനിയും വിക്കറ്റുകൾ വീഴും; ഹിറ്റ് ലിസ്റ്റിൽ നിരവധിപ്പേർ
കൊച്ചി: അഴിമതിക്കാരെ പൊക്കാൻ വിജിലൻസ് തയ്യാറാക്കിയ കൈക്കൂലിക്കാരുടെ പട്ടികയിൽ കൊച്ചി കോർപ്പറേഷനിലെ ജീവനക്കാർ ധാരാളം. ഇവരെല്ലാം വിജിലൻസ് റഡാറിലാണ്. പട്ടികയിലുൾപ്പെട്ട ഒരാളായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്‌പെക്ടർ എ. സ്വപ്ന. മാസങ്ങളോളം വിജിലൻസ് ഇവരുടെ പിന്നാലെയായിരുന്നു.
ഏജന്റുമാർ മുഖേനയാണ് അധികംപേരും കൈക്കൂലി വാങ്ങുന്നത്. ഇവരെയും അകത്താക്കാനാണ് വിജിലൻസ് നീക്കം.
കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തരംതിരിച്ചാണ് പട്ടിക. കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസ് റെഡ് ലിസ്റ്റിലാണ്. നേരത്തെ, അനധികൃതമായി നിർമ്മിച്ച ഹോട്ടൽ കെട്ടിടത്തിന് നമ്പർ നൽകാൻ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കൗൺസിലറുടെ ആരോപണത്തിന് പിന്നാലെ ഈ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ ആദർശ് ചന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിടം പ്ലാൻ അനുമതിയുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ഇടപാട് കൂടുതലും നടക്കുന്നത്. റിമാൻഡിലായ സ്വപ്ന 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. ഇവരും ഏജന്റ് വഴിയാണ് കൈക്കൂലി വാങ്ങിയിരുന്നത്. ഏജന്റിന് കമ്മിഷൻ നൽകാതിരിക്കാൻ നേരിട്ടെത്തി പണം വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
ഇടനിലക്കാരും സഹായികളും 100 രൂപ മുതൽ 50 ലക്ഷം വരെ കൈക്കൂലി വാങ്ങുന്നവരുണ്ട് ജില്ലയിൽ. ഇത് കൃത്യമായി കിട്ടിയാലേ ഫയൽ നീക്കം വേഗത്തിലാകൂ. കൈക്കൂലിപ്പണം ഇവരാരും നേരിട്ട് വാങ്ങില്ല. സമീപത്തെ വ്യാപാരി മുതൽ ലോട്ടറി വിൽപ്പനക്കാർ വരെയാണ് ഉദ്യോഗസ്ഥർക്കായി പണം വാങ്ങുന്നത്. ഇവർക്കുമുണ്ട് നിശ്ചിത കമ്മിഷൻ. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥരും ഓഫീസുകളും കൊച്ചിയിലുണ്ട്.
'ഞാനാണ് ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത്!' കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്നും ബിൽഡിംഗ് ഇൻസ്‌പെക്ടർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും കൈക്കൂലിക്കാരാണെന്നുമാണ് സ്വപ്ന വിജിലൻസിന് നൽകിയ മൊഴി. ബിൽഡിംഗ് ഇൻസ്‌പെക്ടർമാർ കൂട്ടമായി കൈക്കൂലി വാങ്ങി വീതം വയ്ക്കും. കൈക്കൂലിക്ക് കൊച്ചിൻ കോർപ്പറേഷനിൽ പ്രത്യേക റേറ്റുണ്ടെന്നും വെളിപ്പെടുത്തി.