കൊച്ചിയിലെ പ്രതിഷേധക്കാർ ഇന്റലിജൻസ് നിരീക്ഷണത്തിൽ

Monday 05 May 2025 12:30 AM IST

കൊച്ചി: കാശ്മീരിൽ ഭീകരരുടെ വീടുകൾ സൈന്യം തകർത്തതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ യോഗം ചേർന്നവർ കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ. കഴിഞ്ഞ 29ന് പനമ്പിള്ളി നഗറിലെ സെന്റർ പാർക്കിന് സമീപം ഇന്ത്യൻ സേനയ്‌ക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച എട്ടു പേരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ യോഗം ചേർന്നതറിഞ്ഞ് സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥരുൾപ്പെടെ പനമ്പിള്ളിനഗറിൽ എത്തിയിരുന്നു. അടുത്തദിവസം ഐ.ബി ഉദ്യോഗസ്ഥർ സൗത്ത് സ്റ്റേഷനിലെത്തി പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ മേൽവിലാസം ശേഖരിച്ചു. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചും (എസ്.എസ്.ബി) സമാന്തര അന്വേഷണമാരംഭിച്ചു. കേരള പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും സൗത്ത് പൊലീസുമായി ബന്ധപ്പെട്ടു.

 എറണാകുളം സ്വദേശി മുൻപേ 'നോട്ടപ്പുള്ളി'

നേതൃത്വം നൽകിയ എറണാകുളം സ്വദേശി വർഷങ്ങളായി ഇന്റലിജൻസ് വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. സ്വതന്ത്ര ചിന്തകനായി അറിയപ്പെടുന്ന ഇയാൾ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിൽ അംഗമായിരുന്നു. പനമ്പിള്ളിനഗറിലെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതും പ്രസംഗിച്ചതും ഇയാളാണ്. സംഘത്തിൽ ഇടപ്പള്ളി, ചോറ്റാനിക്കര സ്വദേശികളും കോഴിക്കോട് പാലേരി, ഇടുക്കി വെള്ളത്തൂവൽ, കുമാരമംഗലം, മലപ്പുറം പോങ്ങോട് സ്വദേശികളുമുൾപ്പെടുന്നു. ഒരാൾ ബിഹാർ സ്വദേശിയാണ്. സംഘത്തിൽ മൂന്ന് യുവതികളും ഉൾപ്പെടുന്നു. മുംബയ് മേൽവിലാസം നൽകിയ യുവതി ഒരു വാരികയുടെ പ്രതിനിധിയാണെന്ന് പൊലീസ് സംശയിക്കുന്നു. മേൽവിലാസം കേന്ദ്രീകരിച്ച് ജില്ലകളിലെ എസ്.എസ്.ബി യൂണിറ്റികളാണ് ഇവരെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നത്.

ഏത് സംഘടന ?

സോളിഡാരിറ്റി ഗാതറിംഗ് എന്ന പേരിലാണ് യോഗം ചേർന്നത്. എന്നാൽ സോളിഡാരിറ്റി സംഘടനയുമായി ഇവർക്ക് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഏത് സംഘടനയുടെ പ്രവർത്തകരാണ് പ്രതിഷേധക്കാരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ഇന്റലിജൻസ് ഏജൻസികൾ പരിശോധിക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളുൾ പൊലീസിന്റെ കൈവശമുണ്ട്.

എഫ്.ഐ.ആറിൽ പറയുന്നത്

'ജമ്മു കാശ്മീരിൽ ഭീകരാക്രമണം നടത്തിയ ഭീകരരുടെ വീടുകൾ ബഹു. സുപ്രീം കോടതിയുടെ ഉത്തരവുകൾ ലംഘിച്ച് തകർത്തതിൽ' പ്രതിഷേധിച്ചാണ് യോഗം ചേർന്നതെന്ന് പ്രഥമവിവര റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു. അന്യായമായി സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനുമാണ് കേസ്.