കഥകളി മോഹം സഫലമാക്കാൻ 8 വയസുകാരനൊപ്പം അമ്മയും

Monday 05 May 2025 12:00 AM IST

കോട്ടയം: കന്നട സിനിമ 'കാന്താര" കാണാൻ അമ്മയോടൊപ്പം പോയതാണ് അദ്വൈത്. അവന്റെ മനസിലുടക്കിയത് സിനിമയിലെ ചുട്ടി കുത്തിയ വേഷം. അതിനെക്കുറിച്ചറിയാൻ യുട്യൂബിൽ പരതി. ഈ സമയത്താണ് പരിപ്പ് മഹാദേവക്ഷേത്രത്തിൽ കലാമണ്ഡലം ഭാഗ്യനാഥ് കഥകളി അവതരിപ്പിക്കാനെത്തിയത്. സ്‌റ്റേജിനുപിന്നിലെത്തിയ അദ്വൈത്,​ കലാമണ്ഡലം ഭാഗ്യനാഥിനോട് കഥകളിയുടെ വിശേഷം തിരക്കി. കഥകളി പഠിക്കണമെന്ന ആഗ്രഹവും അറിയിച്ചു. ആശാൻ ആദ്യം തിരസ്കരിച്ചു,​ അദ്വൈതിന്റെ വിഷമം കണ്ട് പിന്നീട് സമ്മതിച്ചു. കുടമാളൂർ കരികുളങ്ങര നാട്യമണ്ഡലം കഥകളി കലാപഠനകേന്ദ്രത്തിലെത്തി അദ്വൈത് ദക്ഷിണ വച്ചു. മകനെ കൊണ്ടാക്കാനാണ് അഞ്ജലി ആട്ടക്കളരിയിലെത്തിയത്. നർത്തകിയായ അഞ്ജലിയുടെ കണ്ണ് കഥകളിവേഷങ്ങളിലുടക്കി. വൈകാതെ അഞ്ജലിയും ആശാന് ദക്ഷിണവച്ചു. പരിപ്പ് മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം.

അമ്മ പരമശിവന്റെ വേഷത്തിൽ. മകൻ മഹാവിഷ്ണുവിന്റെയും. ഒരുമിച്ച് അരങ്ങേറ്റം നടത്താനായതിന്റെ സന്തോഷത്തിലാണ് കോട്ടയം പരിപ്പ് സ്വദേശി അഞ്ജലിയും മകൻ എട്ടുവയസുകാരൻ അദ്വൈതും. കൊല്ലം അമൃത യൂണിവേഴ്‌സിറ്റി എം.സി.എ പ്രോഗ്രാം ബാച്ച് അഡ്വൈസറാണ് അഞ്ജലി. കാനഡയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ അരുൺ ഗോപകുമാറാണ് ഭർത്താവ്. ഒന്നരവയസുകാരി വാസുകി മകൾ.