ടേക്ക് ഒഫ് തട്ടിപ്പ്; കാർത്തികയ്ക്ക് എതിരെ പുതിയ കേസ്
കൊച്ചി: ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെ പ്രതിയാക്കി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. തട്ടിപ്പിനിരയായ വരാപ്പുഴ ഓടത്തക്കൽ വീട്ടിൽ നീതു എലിസബത്തിന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ കേസെടുത്തത്. ബ്രിട്ടനിൽ കെയർഹോം ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 1.55 ലക്ഷം വാങ്ങിയെന്നാണ് പരാതി.
നീതുവിന്റെയും ഭർത്താവ് അരുൺ എബ്രഹാമിന്റെയും അക്കൗണ്ടുകളിൽ നിന്നാണ് പണം കൈമാറിയത്. ഇതോടെ കാർത്തിക പ്രദീപിനെതിരെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഏഴായി. ആദ്യം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് 5 കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു.
പുല്ലേപ്പടിയിൽ പ്രവർത്തിച്ചിരുന്ന ‘ടേക്ക് ഒഫ് ഓവർസീസ് എജ്യുക്കേഷണൽ കൺസൽട്ടൻസി’യുടെ പേരിലാണ് യു.കെ, യുക്രെയ്ൻ, ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത കാർത്തികയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.