ഗുരുദേവ ഉദ്ബോധനം ലോകമെമ്പാടും എത്തിക്കും: സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ

Monday 05 May 2025 1:19 AM IST

ലണ്ടൻ: യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ ഉദ്ബോധനങ്ങളും ഉപദേശങ്ങളും ലോകമെമ്പാടും എത്തിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ശിവഗിരി മഠം ഏറ്റെടുത്തിട്ടുള്ളതെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ പറഞ്ഞു . ഇതിന്റെ ഭാഗമായാണ് സേവനം യു.കെയുടെ നേതൃത്വത്തിൽ ശിവഗിരി ആശ്രമം ഒഫ് യു.കെയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ഹാർമണി സംഘടിപ്പിച്ചത്. ഗുരുവിന്റെ മഹത്വപൂർണ്ണമായ മാനവിക ദർശനം ഇന്ന് ലോകമെമ്പാടും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുവാൻ ഉതകുന്നു എന്ന തിരിച്ചറിവ് നമുക്കെല്ലാം ഉണ്ടായിട്ടുണ്ട് .

മാനവ സമൂഹത്തിന്റെ ജീവിതഗന്ധികളായ എല്ലാ വിഷയങ്ങളിലേക്കും കടന്നു ചെല്ലുവാനും അശാസ്ത്രീയ ധാരണകളെ സമൂലം തിരുത്തി ശാസ്ത്രീയ അവബോധം നൽകുവാനും ഗുരുവിന് കഴിഞ്ഞു എന്നതാണ് മറ്റ് ആചാര്യന്മാരിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്ന മഹത്വവും മഹിമയും. നന്നാകലിന്റെയും ഒന്നാകലിന്റെയും പാത വെട്ടിത്തുറക്കാനുള്ള അവസ്ഥാവിശേഷം നമ്മുടെ ജീവിതത്തിനും പ്രവർത്തനത്തിനും ഉണ്ടാകണമെന്ന് ഗുരു ഉപദേശിച്ചു. സദാചാരബോധത്തിലും ധർമ്മനിഷ്ഠയിലും അധിഷ്ഠിതമായ ജീവിതത്തെ പടുത്തുയർത്തുന്നതിനുള്ള സാമൂഹ്യസൃഷ്ടിയാണ് ഗുരുദേവൻ മുന്നോട്ട് വയ്ക്കുന്നത്. ഗുരുവിന്റെ ജീവിത മാഹാത്മ്യവും ദാർശിനിക മഹത്വവും ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്നതിലൂടെ ഗുരു സ്വപ്നംകണ്ട, സർവരും സോദരത്വേന വാഴുന്ന സാമൂഹിക സൃഷ്ടിയിലേക്ക് എത്താൻ നമുക്ക് കഴിയുമെന്നും സ്വാമി ശു​ഭാം​ഗാ​ന​ന്ദ​ പറഞ്ഞു.