വിഴിഞ്ഞം തുടങ്ങും മുൻപേ 397 കോടി വരുമാനം

Monday 05 May 2025 12:59 AM IST

ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചത് ജി.എസ്.ടി വരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്നതിനു മുൻപ് സംസ്ഥാന സ‌ർക്കാരിന് ജി.എസ്.ടി വരുമാനമായി 397 കോടി രൂപ ലഭിച്ചു. കപ്പലിലെ ചരക്കു നീക്കത്തിലൂടെ 2024 ജൂലായ് മുതൽ ഇതുവരെ ജി.എസ്.ടിയായി 49 കോടി രൂപ ലഭിച്ചു. ക്രെയിനുകൾ ഉൾപ്പെടെ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിലൂടെ 348 കോടി രൂപയും ലഭിച്ചു.

കരാർ പ്രകാരം 2034 വരെ തുറമുഖം വഴിയുള്ള ചരക്കു നീക്കത്തിന്റെ ജി.എസ്.ടി. വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുക.

2034 ൽ വരുമാനത്തിന്റെ ഒരു ശതമാനവും അധികമായി സംസ്ഥാനത്തിന് ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ പരമാവധി 40% വരെ വരുമാന വിഹിതം നേടാനാകും. അദാനി ഗ്രൂപ്പ് തുറമുഖം കൈവശം വയ്ക്കുന്ന 2060 വരെ ഈ നിലയിലാകും വരുമാനം പങ്കിടുക. ഇതിനൊപ്പം ചരക്ക് കൈകാര്യം ചെയ്യുമ്പോഴുള്ള ജി.എസ്ടി. വിഹിതവും ലഭിക്കും.ഇതിലൊരു പങ്ക് കേന്ദ്രസർക്കാരിനും ലഭിക്കും.

വി.ജി.എഫ് ഉടൻ

തുറമുഖ നിർമ്മാണത്തിന് കേന്ദ്ര സർക്കാ‌ർ വി.ജി.എഫ് മുഖേന അനുവദിച്ച 817.8 കോടി രൂപ ഉടൻ ലഭ്യമാകും. ഈ തുക 2034 മുതൽ തിരിച്ചടക്കണം. വി.ജി.എഫ് അടച്ചു തീർക്കുന്നതുവരെ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടണം.

ഇനി ചെലവെല്ലാം അദാനി

തുറമുഖ നി‌ർമ്മാണത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത് അദാനി ഗ്രൂപ്പാണ്. ഒന്നാം ഘട്ട നിർമ്മാണത്തിൽ സംസ്ഥാന സർക്കാർ 5,370.86 കോടി രൂപയാണ് ചെലവാക്കിയത്. 2,497 കോടി അദാനി കമ്പനി മുടക്കി. കേന്ദ്രം വി.ജി.എഫിലൂടെ 817.8 കോടി രൂപയും അനുവദിച്ചു.