റബറും കുരുമുളകും വിലയിടിവ് കാലത്തിലേക്ക്
കോട്ടയം: ടയർ ലോബി ഇറങ്ങി കളിച്ചതോടെ റബറിന്റെ ആഭ്യന്തര വില താഴേക്കിറങ്ങി. കിലോയ്‌ക്ക് 206 രൂപ വരെ ഉയർന്ന ശേഷമാണ് വില 200ൽ താഴേക്ക് വീണത്. ആർ.എസ്.എസ് ഫോർ വ്യാപാരി വില 190 രൂപ വരെ താഴ്ന്നു.
ബാങ്കോക്ക് വില 199 ൽ എത്തിയെങ്കിലും ടയർലോബി വിപണിയിൽ നിന്ന് വിട്ടുനിന്നതാണ് തിരിച്ചടിയായത്. ചൈനയിലെ വ്യാപാര മാന്ദ്യം ടോക്യോ വിപണിയെയും ബാധിച്ചു .ഇരു രാജ്യങ്ങളിലും അവധി വില 174ൽ നിന്ന് 170 രൂപയിലേക്ക് താഴ്ന്നു. വേനൽ മഴ റബർ തോട്ടങ്ങളെ തണുപ്പിച്ചെങ്കിലും ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. ഉത്പാദനം കുറഞ്ഞിട്ടും ഉയരാത്ത വില ടാപ്പിംഗ് സജീവമാകുന്നതോടെ കുത്തനെ ഇടിയുമെന്ന ഭീതിയിലാണ് കർഷകർ.
കുരുമുളകിൽ ഇറക്കുമതി സമ്മർദ്ദം
കിലോയ്ക്ക് 700 രൂപയും കടന്ന് റെക്കാഡിലേക്ക് കതിച്ച കുരുമുളക് വില കഴിഞ്ഞ വാരം എട്ട് രൂപ കുറഞ്ഞു. മുളക് വില 800 മുതൽ 1000 രൂപ വരെ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. ആഭ്യന്തര ഉത്പാദനം കൂടിയതും കുറഞ്ഞ വിലയുള്ള ശ്രീലങ്കൻ കുരുമുളക് ഉത്തരേന്ത്യൻ വിപണിയിലെത്തിച്ചതുമാണ് തിരിച്ചടിയായത്. വിയറ്റ്നാമിൽ നിന്ന് ചൈന കുരുമുളക് വാങ്ങുന്നില്ല. ഈ സാഹചര്യത്തിൽ വിയറ്റ്നാം കുരുമുളക് കൂടിയെത്തിയാൽ വില ഇനിയും ഇടിഞ്ഞേക്കും.
വില കൂടുമെന്ന പ്രതീക്ഷയിൽ ചരക്ക് വിൽക്കാതിരുന്ന കർഷകർ ഇതോടെ അവതാളത്തിലായി. ജൂണിൽ ശ്രീലങ്കയിൽ വിളവെടുപ്പാരംഭിക്കുന്നതിനാൽ വിലത്തകർച്ച രൂക്ഷമായേക്കും.
##കയറ്റുമതി നിരക്ക്
ഇന്ത്യ - ടണ്ണിന് 8750 ഡോളർ
ശ്രീലങ്ക- 7200 ഡോളർ
വിയറ്റ്നാം -7250 ഡോളർ
ബ്രസീൽ -7000 ഡോളർ
ഇന്തോനേഷ്യ- 7800 ഡോളർ