ഇശൽ വഴിയിൽ ബാപ്പു എഴുതി 6,000 മാപ്പിളപ്പാട്ടുകൾ
കോഴിക്കോട്: 'കരയാനും പറയാനും മനം തുറന്നിരക്കാനും നീയല്ലാതാരുമില്ല കോനേ"... ദാസേട്ടൻ പാടി സൂപ്പർഹിറ്റാക്കിയ ഈ മാപ്പിളപ്പാട്ട് കേൾക്കാത്തവരുണ്ടാവില്ല. യേശുദാസ്, ചിത്ര, എം.ജി.ശ്രീകുമാർ, മാർക്കോസ്, ഉണ്ണിമേനോൻ തുടങ്ങിയവർ പാടിയ ആയിരക്കണക്കിന് സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടുകളെഴുതിയ ബാപ്പു വെള്ളിപറമ്പ് അറുപത്തിനാലാം വയസിലും സജീവം.
യു ട്യൂബിലേക്ക് ഉൾപ്പെടെ എഴുതുന്നുണ്ട്. പകർപ്പവകാശം നേടിയ മാപ്പിളപ്പാട്ടുകൾ മാത്രം ആറായിരത്തോളം.
ബാപ്പുവിന്റെ മുന്നൂറോളം മാപ്പിളപ്പാട്ടുകൾ ദാസേട്ടനാണ് പാടിയത്. മാർക്കോസ് ആയിരക്കണക്കിന് പാട്ടുകൾ പാടി. നാൽപ്പതോളം ചിത്രയും അമ്പതോളം എം.ജി.ശ്രീകുമാറും പാടിയിട്ടുണ്ട്. ചിങ്ങപ്പുലരിയെന്ന ടെെറ്റിലിൽ ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഓണപ്പാട്ടുമെഴുതിയിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടെഴുതിയ 'മാപ്പിള മക്കളെ നെഞ്ചുവിരിച്ചിട്ടൊത്തു കുതിച്ചിട്ടെതിരിട്ട് , മാപ്പുതരില്ലെന്നോതി വെള്ളക്കാരുടെ നേരെ മുന്നിട്ട്..." എന്ന പാട്ടും ഹിറ്റാണ്. അയ്യപ്പ ഭക്തിഗാനങ്ങളുമെഴുതി. കോഴിക്കോട് അബൂബക്കർ ഉൾപ്പെടെയുള്ളവരാണ് സംഗീതം നൽകിയിട്ടുള്ളത്. ചിലതിന് സ്വയം ഈണം നൽകി. മുഹബത്തിൻ കുഞ്ഞബ്ദുള്ളയിൽ ഷഹബാസ് അമൻ പാടിയ ഗസൽ ഉൾപ്പെടെ ഏതാനും സിനിമാഗാനങ്ങളുമെഴുതി. നോവൽ, മാപ്പിളപ്പാട്ട് പുസ്തകങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചു.
പ്രചോദനം ഉമ്മ
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ബാപ്പു മാപ്പിളപ്പാട്ടെഴുത്ത് തൊഴിലാക്കുകയായിരുന്നു. നാടകമെഴുതിയും അണിയറയിൽ പ്രവർത്തിച്ചുമാണ് തുടക്കം. മാപ്പിളപ്പാട്ടുകൾ പാടിയിരുന്ന ഉമ്മ ആയിഷയാണ് പ്രചോദനം. അമ്മാവന്മാരുടെ പ്രോത്സാഹനവുമുണ്ടായിരുന്നു. മാപ്പിളകലാ അക്കാഡമി, ഇശൽ ലെെല ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് ഇശലിലാണ് താമസം. ഭാര്യ സുബെെദ. മക്കൾ: സവാസ്, നവാസ്, ആയിഷ.
നന്നായി വായിക്കാറുണ്ട്. സ്റ്റുഡിയോയിൽ വച്ച് തത്സമയം എഴുതിയ നിരവധി മാപ്പിളപ്പാട്ടുകളുണ്ട്.
- ബാപ്പു വെള്ളിപറമ്പ്