പേവിഷബാധയേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം : പേ വിഷബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള ഏഴു വയസുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ മരുന്നുകളോട് ശരീരം കൃത്യമായി പ്രതികരിക്കാത്ത സ്ഥിതിയാണ്. തലച്ചോറിൽ ബാധിച്ച വൈറസിന്റെ തീവ്രത കുറയ്ക്കാനാവശ്യമായ ആന്റിവൈറൽ മരുന്നുകളെല്ലാം നൽകിയുള്ള സങ്കീർണമായ ചികിത്സയാണ് നടക്കുന്നത്. പീഡിയാട്രിക്‌സ് മെഡിസിന്റെ നേതൃത്വത്തിൽ ന്യൂറോ,കാർഡിയോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിലാണ് ചികിത്സ. തലച്ചോറിൽ വൈറസ് എത്തിയാൽ അതിജീവന സാദ്ധ്യത വിരളമായതിനാൽ രാപ്പകലില്ലാത്ത നിരീക്ഷണമാണ് ഒരുക്കിയിട്ടുള്ളത്.
അതേസമയം കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ എസ്.എ.ടിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് സൗജന്യമാക്കി. . വെള്ളിയാഴ്ച രാത്രിയിൽ പി.ജി ഡോക്ടർ വിപണിയിൽ നിറുത്തലാക്കിയ മരുന്ന് ഈ കുട്ടിയ്ക്ക് വേണ്ടി എഴുതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ വരെ കൂട്ടിരിപ്പുകാർ ഈ കുറിപ്പുമായി മെഡിക്കൽ സ്റ്റോറുകൾ കയറി ഇറങ്ങി.ഒടുവിൽ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി സഹായം തേടി. വിഷയം ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പരിശോധിച്ചപ്പോഴാണ് മരുന്ന് വിപണിയില്ലാത്തതാണെന്ന് കണ്ടെത്തിയത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കുട്ടിക്ക് മരുന്നുകൾ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് സൗജന്യമാക്കിയത്
വാക്‌സിൻ കമ്മിറ്റി അടിയന്തരയോഗം ചേരും
തിരുവനന്തപുരം : വാക്‌സിനെടുത്തിട്ടും പേ വിഷബാധയേൽക്കുന്നത് ആശങ്കയാകുന്ന സാചര്യത്തിൽ സംസ്ഥാന വാക്‌സിൻ കമ്മിറ്റി അടിയന്തരയോഗം ചേരും.നിലവിൽ ഉപയോഗിക്കുന്ന വാക്‌സിന്റെ നിലവാരത്തിൽ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്താനാണിത്. സംസ്ഥാനത്ത് വാക്‌സിൻ വിതരണം ഏകോപിപ്പിക്കുന്ന സാങ്കേതിക വിദഗ്ദ്ധരുൾപ്പെടുന്ന കമ്മിറ്റിയാണിത്.നിലവിലെ സ്റ്റോക്കുകളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കാണ് വാക്‌സിൻ എടുത്തിട്ടും പേ വിഷബാധ സ്ഥിരീകരിച്ചത്. വാക്സിന്റെ സംഭരണം കൈമാറ്റം തുടങ്ങിയ ഘട്ടങ്ങളിൽ
നിശ്ചിത ഊഷ്മാവിന് പുറത്തേക്ക് വാക്സിൻ സൂക്ഷിക്കുന്ന സ്ഥിതിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ അദ്ധ്യക്ഷനായ സമിതി വിലയിരുത്തും.ആരോഗ്യവകുപ്പ് ഡയറക്ടർ,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡി, ജനറൽ മാനേജർ,തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി, ആരോഗ്യവകുപ്പിലെ പബ്ലിക്ക് ഹെൽത്ത് അഡീഷണൽ ഡയറക്ടർ, ആന്റിറാബിസ് നോഡൽ ഓഫീസർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. അഞ്ച് വർഷത്തിനിടെ വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് 25പേർ മരിച്ചെന്നാണ് കണക്ക്. 2022ൽ വാക്സിന്റെ നിലവാരത്തിൽ ആശങ്ക ഉയർന്നപ്പോൾ കേന്ദ്രലാബിൽ ഉൾപ്പെടെ എത്തിച്ച് പരിശോധിച്ച് നിലവാരം ഉറപ്പാക്കിയിരുന്നു.