സി.പി.എം പ്രതിനിധി സംഘം കാശ്മീരിലേക്ക്

Monday 05 May 2025 12:19 AM IST

കൊച്ചി: ഭീകരാക്രമണ പശ്ചാത്തലത്തിൽ സി.പി.എം പ്രതിനിധി സംഘം അടിയന്തരമായി കാശ്മീർ സന്ദർശിക്കാൻ ഡൽഹിയിൽ ചേർന്ന പോളിറ്റ്‌ബ്യൂറോ യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.

കാശ്‌മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ ഇടപ്പള്ളിയിലെ വസതിയിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിനിധിസംഘം 12, 13 തീയതികളിൽ കാശ്‌മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ജനറൽ സെക്രട്ടറിക്കുപുറമെ, പോളിറ്റ്‌ബ്യൂറോ അംഗം അമ്രാ റാം , എം.പിമാരായ കെ. രാധാകൃഷ്‌ണൻ, സു വെങ്കിടേശൻ, ജോൺ ബ്രിട്ടാസ്‌ തുടങ്ങിയവർ സംഘത്തിലുണ്ടാകും.

വിവിധ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗികചടങ്ങുകളിലെല്ലാം അവിടങ്ങളിലെ ബി.ജെ.പി നേതാക്കളെക്കൂടി പങ്കെടുപ്പിക്കുന്നു. ഇത്തരം കാര്യങ്ങളിൽ രാജ്യത്ത്‌ പിന്തുടരുന്ന ചില ഉയർന്ന ജനാധിപത്യമൂല്യങ്ങളുണ്ട്‌. പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം നരേന്ദ്രമോദി ഗൗരവത്തോടെ കാണണം. സ്വന്തം പാർട്ടിയെ അവിടെ അവതരിപ്പിക്കുന്നതിന്‌ വ്യഗ്രത കാണിക്കുകയല്ല വേണ്ടത്‌. വിഴിഞ്ഞം പദ്ധതിക്ക്‌ ഏറ്റവും കൂടുതൽ പണം മുടക്കിയത്‌ സംസ്ഥാന സർക്കാരാണെന്നും ബേബി പറഞ്ഞു.