സംസ്ഥാനത്ത് പത്തുവർഷത്തിനിടെ ചരിഞ്ഞത് 996 കാട്ടാനകൾ

Monday 05 May 2025 12:56 AM IST

കോട്ടയം:സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ അസ്വാഭാവികമായി ചരിഞ്ഞത് 996 കാട്ടാനകൾ. 2015 മുതൽ 2024 ഡിസംബർ 31 വരെയുള്ള കണക്കാണിത്.ആറ് വർഷം മുൻപ് പ്രതിവർഷം ശരാശരി മരണ നിരക്ക് നൂറിൽ താഴെയായിരുന്നു.ഇപ്പോൾ നൂറിന് മുകളിലായി.കാട്ടാനകളുടെ എണ്ണം കൂടുന്നുണ്ട്.അസ്വാഭാവിക മരണം കൂടുന്നത് വനംവകുപ്പ് ഗൗരവമായി പരിശോധിക്കുകയാണ്.2018 വരെ നൂറിൽ താഴെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.ഹെർപിസ് വൈറസ് ബാധ മൂലം പത്തുവയസിൽ താഴെയുള്ള ആനകൾ ചരിയുന്നത് വ്യാപകമായിരുന്നു.എന്നാൽ മദ്ധ്യ വയസെത്തിയവ തുമ്പിക്കൈയ്ക്കും മസ്തകത്തിനും പരിക്കേറ്റും, ഷോക്കേറ്റും.പടക്കംപൊട്ടിയും,വിഷമേറ്റും,തെന്നിവീണും മരിക്കുന്നുണ്ട്.പ്ളാസ്റ്റിക് അടക്കമുള്ളവ വയറ്റിലെത്തുന്നതായും കണ്ടെത്തി.ഇക്കാലത്ത് മരിച്ച ആനകളുടെയൊന്നും കൊമ്പ് മാറ്റപ്പെട്ട നിലയിലായിരുന്നില്ല.

കൂടുതലും ജനവാസ പരിസരമേഖലകളിൽ

ആനകൾ കൂടുതലും ചരിഞ്ഞത് മനുഷ്യ-വന്യമൃഗ സംഘർഷം കൂടുതലുള്ള സ്ഥലങ്ങളിലാണ്.ഇക്കാലമത്രയും പ്രതിവർഷം പതിനഞ്ചിലേറെപ്പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ വർഷം 22 പേരാണ് മരിച്ചത്.

മരണ നിരക്ക് ഇങ്ങനെ

2015: 49

2016: 68

2017: 61

2018: 97

2019: 132

2020: 115

2021: 111

2022: 100

2023: 110

2024 : 153