തവളയുടെ കരച്ചിലും മൂങ്ങയുടെ മൂളലും
തവളയുടെ കരച്ചിൽ കേൾക്കാറുണ്ടോ ? - പത്തനംതിട്ട ടൗൺ സ്ക്വയറിൽ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ സുഹൃത്ത് ചോദിച്ചു.
തവളയെ കാണാറേയില്ല. പിന്നെങ്ങനെയാണ് കരച്ചിൽ കേൾക്കുന്നത്. ചതുപ്പ് നിലങ്ങൾ മണ്ണിട്ട് നികത്തി മനുഷ്യർ അവിടെ ചേക്കേറുമ്പോൾ അപ്രത്യക്ഷമാകുന്ന പല ജീവികളിൽ ഒന്നുമാത്രമാണ് തവള. പണ്ട് മനുഷ്യരുടേത് മാത്രമല്ലായിരുന്നു ലോകം. പലതരം ജീവികളുടേതുകൂടിയായിരുന്നു. മനുഷ്യർക്കൊപ്പമായിരുന്നു അവയുടെ ജീവിതവും. രാത്രി തവളകൾ കരയുന്നതും മൂങ്ങമൂളുന്നതും കേൾക്കാമായിരുന്നു. മനുഷ്യർക്ക് സംസാരിക്കാനുള്ള അവകാശം പോലെ അവയ്ക്കും സംസാരിക്കാനുള്ള അവകാശമുണ്ടായിരുന്നു.
പത്തനംതിട്ട ടൗൺസ്ക്വയറിന് വേണ്ടി മണ്ണിട്ട് നികത്തിയ സ്ഥലം ചതുപ്പായിരുന്നു. അവിടെ തവളകളുണ്ടായിരുന്നു. നിരവധി സൂക്ഷ്മ ജീവികളുണ്ടായിരുന്നു. പത്തനംതിട്ട നഗരത്തിന്റെ ചുറ്റുവട്ടമെല്ലാം ഒരുകാലത്ത് ചതുപ്പ് നിലങ്ങളായിരുന്നു. പത്തനംതിട്ട മാത്രമല്ല എല്ലാ പട്ടണങ്ങളും രൂപപ്പെട്ടത് നിലങ്ങൾ നികത്തിയും കുന്നുകൾ ഇടിച്ചുമാണ്. എല്ലായിടത്തും പാടങ്ങളുണ്ടായിരുന്നു. അവ മണ്ണിട്ടൂമൂടിയാണ് കെട്ടിടങ്ങൾ ഉയർന്നത്. മനുഷ്യപുരോഗതിക്ക് അതൊക്കെ വേണ്ടതാണ്. പക്ഷേ പ്രപഞ്ചം സ്വന്തമാക്കാൻ മനുഷ്യർ പരക്കംപായുമ്പോൾ ചെറുജീവികൾ അപ്രത്യക്ഷമാകുന്നു. മണ്ണ് കിളച്ചുമറിക്കുമ്പോൾ മണ്ണിര പുളയുന്ന കാഴ്ച പണ്ട് കർഷകരെ പുളകം കൊള്ളിക്കുമായിരുന്നു. ഇന്ന് മണ്ണിൽ മണ്ണിരയില്ല. മണ്ണിര മരിച്ചുപോയോ. വീടിന്റെ ഒാരത്തെ മണ്ണിൽ ചെറുകുഴികളിൽ മറഞ്ഞിരിക്കുന്ന കുഴിയാനകൾ പഴയ കുട്ടികളുടെ കുസൃതിയിൽ ഉണ്ടായിരുന്നു. കഴിയാനകൾ എവിടെയാണ് അപ്രത്യക്ഷമായത്. ചീവീടുകൾ കരയുന്നത് കേട്ടിട്ട് കാലമെത്രയായി. അത്തരം ചെറുജീവികൾ പണ്ട് നിത്യജീവിതത്തിലെ കാഴ്ചവട്ടത്തുണ്ടായിരുന്നു. ഒാണക്കാലത്ത് പല്ലിക്കും പാറ്റയ്ക്കും ഒാണം കൊടുക്കാൻ അരിമാവ് വീടിന്റെ കതകിലും ജനലിലും തേച്ചുവയ്ക്കുമായിരുന്ന ഒരു അമ്മൂമ്മയെ ഒാർമ്മ വരുന്നു. ഉറുമ്പുകളെ പോലും ഉൗട്ടിയിരുന്നവരുടെ കാലം.
പ്രപഞ്ചത്തിന്റെ ആവാസ വ്യവസ്ഥയിൽ ചെറുജീവികളും കൂടിച്ചേരുമ്പോഴാണ് പരിസ്ഥിതി പൂർണമാകുന്നത്. പഴയ മനുഷ്യർക്ക് അതറിയാമായിരുന്നു. പുഴുവിനെ കൊല്ലാനൊരുങ്ങുന്ന കുട്ടിയെ ഭയപ്പെടുത്താൻ അത് ദൈവത്തിന് എണ്ണയുംകൊണ്ട് പോകുന്നതാണെന്ന് അവർ പറയുമായിരുന്നു.
കഴിഞ്ഞ ദിവസം വീടിന് പിന്നിൽ മാലിന്യംകൊത്തിപ്പെറുക്കാനെത്തുന്ന കൊക്കിനെ കണ്ടു. പണ്ട് കൊക്കിനെ കണ്ടിരുന്നത് പാടത്താണ്. അവിടെയായിരുന്നു കൊക്കിന്റെ ഭക്ഷണം. പ്രകൃതിയാണ് കൊക്കുകൾക്ക് ഭക്ഷണം കരുതിവച്ചിരുന്നത്. മീനുകളെ തിന്നാൻ ഒറ്റക്കാലിൽ ധ്യാനിച്ചു നിൽക്കുന്ന കൊക്കുകൾ ഒാർമ്മയാവുകയാണ്. മനുഷ്യർ ഉപേക്ഷിക്കുന്ന മാലിന്യമാണ് ഇന്ന് അവയുടെ ഭക്ഷണം. ചെറുജീവികളും ചെറു സസ്യങ്ങളും മെല്ലെ മെല്ലെ അപ്രത്യക്ഷമാകുന്നു. അവയ്ക്കൊപ്പം നല്ല മനുഷ്യരും അപ്രത്യക്ഷരാവുകയാണോ.
മണ്ണ് കിളച്ചുമറിക്കുമ്പോൾ മണ്ണിര പുളയുന്ന കാഴ്ച പണ്ട് കർഷകരെ പുളകം കൊള്ളിക്കുമായിരുന്നു. ഇന്ന് മണ്ണിൽ മണ്ണിരയില്ല. മണ്ണിര മരിച്ചുപോയോ. വീടിന്റെ ഒാരത്തെ മണ്ണിൽ ചെറുകുഴികളിൽ മറഞ്ഞിരിക്കുന്ന കുഴിയാനകൾ പഴയ കുട്ടികളുടെ കുസൃതിയിൽ ഉണ്ടായിരുന്നു. കഴിയാനകൾ എവിടെയാണ് അപ്രത്യക്ഷമായത്.