എന്നിട്ടും ചെന്നൈ തോറ്റു !
അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് മതിയായിരുന്നു ചെന്നൈയ്ക്ക്.ക്രീസിൽ ധോണിയും രവീന്ദ്ര ജഡേജയും. എന്നിട്ടും കഴിഞ്ഞ രാത്രി ആർ.സി.ബിക്ക് എതിരായ മത്സരത്തിൽ രണ്ട് റൺസിന് തോൽക്കാനായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിധി.
ചിന്നസ്വാമിയിൽ ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ്. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 211/5ലേ എത്താനായുള്ളൂ. സീസണിലെ ഏഴാം അർദ്ധസെഞ്ച്വറിയുടെ അകമ്പടിയോടെ വിരാട് കൊഹ്‌ലിയും(62) സഹ ഓപ്പണർ ജേക്കബ് ബെഥേലും (55) അവസാന ഓവറുകളിൽ കൂട്ടക്കുരുതി നടത്തിയ റൊമാരിയോ ഷെപ്പേഡും(14 പന്തുകളിൽ പുറത്താകാതെ 53) ചേർന്നാണ് ആർ.സി.ബിയെ 200 കടത്തിയത്.
മറുപടിക്കിറങ്ങിയചെന്നൈയ്ക്ക് വേണ്ടി ഓപ്പണർ ആയുഷ് മാത്രേയും (48 പന്തുകളിൽ 94 റൺസ്),രവീന്ദ്ര ജഡേജയും (45 പന്തുകളിൽ പുറത്താകാതെ 77) തകർത്തടിച്ചപ്പോൾ വിജയപ്രതീക്ഷ കൈവന്നു. എന്നാൽ സാം കറാൻ(5),മാത്രേ, ഡെവാൾഡ് ബ്രെവിസ് (0)എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ലുംഗി എൻഗിഡി ചെന്നൈയെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിന്റെ മൂന്നാംപന്തിൽ യഷ് ദയാൽ ധോണിയെ എൽ.ബിയിൽ കുരുക്കിയതാണ് കളിത്തിരിവായത്.
14 പന്തുകളിൽ നാലുഫോറുകളും ആറ് സിക്സുകളുമടക്കം 54 റൺസ് നേടിയ റൊമാരിയോ ഷെപ്പേഡാണ് പ്ളേയർ ഒഫ് ദ മാച്ച്.
അമ്പയറുമായി ഉടക്കി ജഡേജ
ചെന്നൈ ബാറ്റർ ഡെവാൾഡ് ബ്രെവിസ് നേരിട്ട ആദ്യപന്തിൽതന്നെ എൽ.ബിയിൽ കുരുങ്ങിയതാണ് ചെന്നൈയുടെ തോൽവിയിൽ നിർണായകമായത്. ലുംഗി എൻഗിഡിയുടെ അപ്പീലിൽ അമ്പയർ വിരലുയർത്തുകയായിരുന്നു. എന്നാൽ റിവ്യുവിന് വിടണമോ എന്ന കാര്യത്തിൽ ബ്രെവിസ് ഒന്നുശങ്കിച്ചു. അപ്പോഴേക്കും റിവ്യു കൊടുക്കാനുള്ള സമയം കഴിഞ്ഞിരുന്നു. ഇതേചൊല്ലി നോൺസ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ അമ്പയറുമായി തർക്കിക്കുകയും ചെയ്തു.
9
ഈ സീസണിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒൻപതാമത്തെ തോൽവിയാണിത്. രണ്ടുകളികളിൽ മാത്രം ജയിക്കാനായ ചെന്നൈ നാലുപോയിന്റുമായി പട്ടികയിൽ അവസാനസ്ഥാനത്താണ്.
16
പോയിന്റുമായി ആർ.സി.ബി പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.സീസണിലെ 11 മത്സരങ്ങളിൽ ആർ.സിബിയുടെ എട്ടാം ജയമായിരുന്നു ചെന്നൈയ്ക്ക് എതിരെ.
109
ലുംഗി എൻഗിഡി എറിഞ്ഞ 17-ാം ഓവറിൽ ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ ജഡേജ പറപ്പിച്ച പന്ത് താണ്ടിയത് 109 മീറ്ററാണ്. ഇതോടെ ജഡേജ സീസണിലെ ഏറ്റവും നീളമേറിയ സിക്സിന് ഉടമയായി.
505
റൺസുമായി വിരാട് കൊഹ്‌ലി സീസൺ റൺവേട്ടയിൽ മുന്നിൽ. 504 റൺസുള്ള സായ് സുദർശനെയാണ് വീണ്ടും വിരാട് മറികടന്നത്.
ഇത് എട്ടാമത്തെ തവണയാണ് വിരാട് സീസണിൽ അഞ്ഞൂറിലേറെ സ്കോർ ചെയ്യുന്നത്. മറ്റൊരു താരത്തിനും ഇതിന് കഴിഞ്ഞിട്ടില്ല.
33
റൺസാണ് ചെന്നൈ ബൗളർ ഖലീൽ അഹമ്മദ് 19-ാം ഓവറിൽ നൽകിയത്. നാലുസിക്സുകളും രണ്ട് ഫോറുകളും ഒരു നോബാളുമടക്കമായിരുന്നു ഇത്. റൊമാരിയോ ഷെപ്പേഡായിരുന്നു ബാറ്റർ. മൂന്നോവറിൽ 65 റൺസാണ് മത്സരത്തിൽ ഖലീൽ വിട്ടുകൊടുത്തത്.
അവസാനഘട്ടത്തിൽ കുറച്ചുകൂടി റൺസ് നേടാൻ കഴിഞ്ഞില്ല. ഈ തോൽവിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.
- ധോണി, ചെന്നൈ ക്യാപ്ടൻ.