വേടന്റെ പാട്ടുകളിൽ മർദ്ദിതന്റെ അവകാശ ബോധം: ബിനോയ് വിശ്വം
കൊച്ചി: ശ്രീലങ്കൻ അഭയാർത്ഥിയായ അമ്മയുടെ മകനായി അധഃസ്ഥിത ചുറ്റുപാടുകളിൽ പിറന്ന ഹിരൺദാസ് മുരളി എന്ന വേടൻ പാടുന്നത് മർദ്ദിതന്റെ പ്രതിഷേധത്തിന്റെയും അവകാശ ബോധത്തിന്റെയും സംഗീതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അടുത്തകാലത്ത് കേരളംകേട്ട ഏറ്റവും സത്യസന്ധവും ധീരവുമായ പ്രസ്താവനയാണ് വേടൻ നടത്തിയത്.
തന്റെ ജീവിതാനുഭവങ്ങളിൽനിന്നും സ്വാംശീകരിച്ച രാഷ്ട്രീയ ധീരതയാണ് വ്യക്തിപരമായ ദൗർബല്യത്തെപ്പറ്റി സത്യസന്ധതയോടെ സംസാരിക്കുവാനുള്ള ആർജ്ജവം ആ ചെറുപ്പക്കാരന് നൽകിയത്. വേടനെതിരെ നടപടി എടുത്തത് ശരിയായ വിധത്തിലാണോയെന്ന് എല്ലാവരും ചിന്തിക്കണം. വനംവകുപ്പിന് ഇരട്ടത്താപ്പ് നയം പാടില്ല.
തൃശൂർ പൂരം നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.രാജന്റെ ഇതുസംബന്ധിച്ച ഓരോവാക്കും ഏറെ വിലപ്പെട്ടതാണ്. പൂരം കലക്കൽ സംഭവത്തിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു എ.ഡി.ജി.പിയുടെ പേര് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. സ്വന്തം താത്പര്യം കൊണ്ടാണോ മറ്റാരുടെയെങ്കിലും സമ്മർദ്ദത്തിൽ എ.ഡി.ജി.പി വഴിമാറിപ്പോയതാണോ എന്നറിയില്ല.