വാഹന സാന്ദ്രത: കേരളം രാജ്യത്ത് നാലാമത്
തൃശൂർ: 1.82 കോടി രജിസ്ട്രേഷനോടെ, കേരളത്തിലെ വാഹന രജിസ്ട്രേഷൻ കുതിപ്പിൽ. 2024-25 സാമ്പത്തികവർഷം 7.83 ലക്ഷം പുതിയ വാഹനങ്ങൾ കൂടി രജിസ്റ്റർ ചെയ്തതോടെ, വാഹനസാന്ദ്രതയിൽ കേരളം രാജ്യത്ത് നാലാമത്തെത്തി. ആയിരം പേർക്ക് 425 വാഹനങ്ങളാണ് കേരളത്തിലുള്ളത്. ചണ്ഡിഗഢാണ് മുന്നിൽ. ആയിരം പേർക്ക് 702 വാഹനങ്ങൾ. ആയിരത്തിന് 521 വാഹനങ്ങളോടെ, പുതുച്ചേരി രണ്ടാമതും, ആയിരത്തിന് 476 ഓടെ ഗോവ മൂന്നാമതുമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണ് മുന്നിൽ. 2024-25ൽ തിരുവനന്തപുരത്ത് 32,399 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. എറണാകുളത്ത് 24,640ഉം കോഴിക്കോട് 18,978ഉം .കൊവിഡ് കഴിഞ്ഞതോടെ, സ്വകാര്യവാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങി. പൊതുഗതാഗതത്തിൽ നിന്ന് ജനം അകന്നതോടെ, കാറുകളും ഇരുചക്രവാഹനങ്ങളും കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. ഓരോ വ്യക്തിക്കും സ്വന്തമായി വാഹനമെന്ന രീതിയിലായി കാര്യങ്ങൾ.
അഞ്ച് വർഷം കൊണ്ട് രണ്ട് കോടിയിലധികം പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. റോഡുകൾ ഇതുപ്രകാരം വികസിക്കാതെ വന്നാൽ പ്രധാനവഴികളിൽ സ്തംഭനം പതിവാകും. റോഡുകൾ ആറു വരിയാക്കിയിട്ടും കുറയാതെ തുടരുകയാണ് ഗതാഗതക്കുരുക്ക്. വാഹനങ്ങൾക്കനുസരിച്ച് റോഡ്, റെയിൽവേ, ജലഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നില്ലെങ്കിൽ യാത്രയ്ക്ക് മണിക്കൂറുകൾ റോഡിൽ ചെലവഴിക്കേണ്ട ഗതികേടാവും..
' 35,000 സ്വകാര്യബസുകളുണ്ടായിരുന്നത് പകുതിയിലും താഴെയായി. കെ.എസ്.ആർ.ടി.സി ബസും കുറച്ചു. ആളുകൾക്ക് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. റോഡിലെ കുരുക്ക് പേടിച്ച് റെയിൽവേയെയാണ് മിക്കവരും ആശ്രയിക്കുന്നത്. ട്രെയിനുകൾ കൂടുതലില്ലാത്തതും പ്രതിസന്ധിയാണ്.'.
-പി. കൃഷ്ണകുമാർ റെയിൽവേ പാസഞ്ചേഴ്സ് അസോ. ജനറൽ സെക്രട്ടറി