പക്ഷിപ്പനി പ്രതിരോധം : പഠന ശുപാർശകൾ ഫയലിൽ ഉറങ്ങുന്നു
ആലപ്പുഴ: കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത് പതിറ്റാണ്ട് കഴിഞ്ഞിട്ടും രോഗപ്രതിരോധ ശുപാർശകളിൽ പലതും ഫയലിൽ ഉറങ്ങുന്നു. ഇറച്ചി, മുട്ട ഉത്പാദനവും പതിനായിരക്കണക്കിന് കർഷകരുടെ ജീവിതമാർഗവും ഇല്ലാതാക്കിയ പക്ഷിപ്പനിക്കെതിരെ മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കേണ്ടതാണ് ശുപാർശകൾ.
2014 ലാണ് കേരളത്തിൽ ആദ്യം പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് എല്ലാ സീസണിലും ഒക്ടോബർ മുതൽ ഡിസംബർ വരെ പക്ഷിപ്പനി വളർത്തുപക്ഷികളുടെ അന്തകനായി. കഴിഞ്ഞവർഷം ഏപ്രിലിലാണ് രോഗബാധയുണ്ടായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ രോഗം വ്യാപകമായതോടെ അരലക്ഷത്തിലധികം താറാവുകളെയും കോഴികളെയും കൊന്നൊടുക്കേണ്ടിവന്നു. തുടർന്ന് 18 അംഗ കേന്ദ്ര സംഘം രോഗ ബാധിതമേഖലകൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് സർക്കാരിന് ശുപാർശകൾ സമർപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കൃത്യമായി പ്രവചിക്കാൻ കഴിയാത്ത സംഘം,ദേശാടന പക്ഷികളിൽ നിന്ന് അസുഖം ബാധിച്ചവയെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും വില്പനയിലൂടെയും അസുഖം പടർന്നിരിക്കാമെന്നാണ് കണ്ടെത്തിയത്.
ശുപാർശകൾ
1. ബ്രോയിലർ കോഴികളിലും താറാവുകളിലും വിശദമായ പഠനം
2.ചത്ത പക്ഷികളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം
3.സ്വകാര്യ കോഴി, താറാവ് ഫാമുകൾക്ക് മൃഗാശുപത്രിയിൽ നിർബന്ധിത രജിസ്ട്രേഷൻ
4.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ടകളിലും പക്ഷിക്കുഞ്ഞുങ്ങളിലും വൈറസ് സ്ഥിരീകരിക്കാൻ സ്‌ക്രീനിംഗ്
5.പന്നിഫാമുകളിൽ കർശന പരിശോധന
6 .നാലു മാസത്തലൊരിക്കൽ സർക്കാർ -സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ്
7. വളർത്തൽ കേന്ദ്രത്തിൽ താറാവുകളുടെ എണ്ണം 3000 മുതൽ 5000 വരെ
8. ഭൂവിസ്തൃതിക്ക് അനുസൃതമായി താറാവുകളുടെ എണ്ണം നിജപ്പെടുത്തണം
9. കോഴി, താറാവ് ഇറച്ചി സംസ്‌കരണത്തിന് അംഗീകൃത അറവുശാലകൾക്ക് ലൈസൻസ്
10.ഫാമുകളുടെ അവശിഷ്ടങ്ങൾ തോടുകളിലേക്കും കായലിലേക്കും തള്ളരുത്
'പക്ഷിപ്പനി തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് റിപ്പോർട്ടിലുള്ളത്. പക്ഷിവളർത്തലും മുട്ടവിരിയിക്കലും നിരോധിച്ചതിനാൽ ഈ സീസണിൽ രോഗ ബാധയുണ്ടായില്ല. കേന്ദ്രസംഘം വീണ്ടും എത്തുന്നുണ്ട്. വിലയിരുത്തലിന് ശേഷം കൂടുതൽ നടപടികളുണ്ടാകും
-ദുരന്ത നിവാരണ
അതോറിട്ടി, ആലപ്പുഴ
'പക്ഷിപ്പനി സ്ഥിരീകരിക്കാനും കളളിംഗും സംസ്കരണവും ശാസ്ത്രീയമാക്കാനുമുള്ള സംവിധാനമാണ് ആവശ്യം '.
- അഡ്വ.ബി.രാജശേഖരൻ,ഐക്യതാറാവ് കർഷക സംഘം