ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വേടൻ ഇന്ന് പാടും

Monday 05 May 2025 12:43 AM IST

തൊടുപുഴ : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന് പ്രശസ്ത റാപ്പർ വേടൻ പാടും. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത്‌ വൈകിട്ട് ഏഴിനാണ് ഹിരൺ ദാസ് മുരളിയെന്ന വേടന്റെ പരിപാടി.

നേരത്തേ, മേള തുടങ്ങിയ 29ന് വേടന്റെ റാപ്പ് പരിപാടി നിശ്ചയിച്ചിരുന്നു. എന്നാൽ 28ന് കൊച്ചിയിലെ വേടന്റെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടി കൂടിയതിന് പിന്നാലെ പരിപാടി റദ്ദാക്കി. കേസിൽ ജാമ്യം കിട്ടിയതിന്റെയും തെറ്റ് തിരുത്തുന്നതിനായി പരിശ്രമിക്കുമെന്ന് വേടൻ അറിയിച്ചതിന്റെയും പശ്ചാത്തലത്തിലാണ് വീണ്ടും പരിപാടി സംഘടിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചത്. എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് സമാപിക്കും.

കഞ്ചാവ് കേസിനു പിന്നാലെ വേടനെ പുലിപ്പല്ല് കൈവശം വച്ചെന്ന കേസിലും അറസ്റ്റു ചെയ്തതോടെ വലിയ വിർമശനമായിരുന്നു വനം വകുപ്പ് നടപടിക്കെതിരെ ഉയർന്നത്. വേടന്റെ അമ്മയെ കേസുമായി ബന്ധിപ്പിച്ചതിലടക്കം വനം വകുപ്പ് തിരിച്ചടി നേരിട്ടു. ജാമ്യം ലഭിച്ചതിന് പിന്നാലെ വനം മന്ത്രിയും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സിപിഎം നേതാക്കളും വേടനെ പിന്തുണച്ച് രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വേടന് സർക്കാർ വേദിയിൽ അവസരം

നൽകുന്നത്‌.