അദ്ധ്യക്ഷമാറ്റം മാദ്ധ്യമ സൃഷ്ടി: കെ.സുധാകരൻ

Monday 05 May 2025 12:49 AM IST

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നു മാറ്റുമെന്നത് മാദ്ധ്യമസൃഷ്ടിയാണെന്നും ഒരുവിധ ആരോഗ്യ പ്രശ്നവും ഇല്ലെന്നും കെ.സുധാകരൻ എം.പി. ആരോഗ്യപ്രശ്നമുണ്ടെന്ന് വരുത്തിതീർത്ത് മൂലക്കിരുത്താൻ ഒരു ഗ്രൂപ്പും കേരളത്തിലെ ഒരു നേതാവും ശ്രമിക്കുന്നുണ്ട്. ആളിനെ അറിയാം. പറയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികര‌ിച്ചു.

ആരോഗ്യമില്ലെങ്കിൽ മരുന്നു വാങ്ങില്ലേ, ഡോക്ടറെ കാണില്ലേ. ഇന്നലെയും ജിമ്മിൽ പോയിരുന്നു. മാറ്റണമെങ്കിൽ ഡൽഹിക്ക് വിളിപ്പിക്കേണ്ട കാര്യമില്ല. മാറ്റില്ല എന്നുള്ളത് പാർട്ടിയിലുള്ള വിശ്വാസം. മാറ്റിയാൽ പകരം വരുന്നത് നാലാൾ അറിയുന്ന ആളായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറാൻ ആരും പറഞ്ഞിട്ടില്ല. ഡൽഹിയിൽ അത്തരത്തിൽ ചർച്ച നടന്നിട്ടില്ല. കേരള രാഷ്ട്രീയമാണ് ഡൽഹിയിൽ ചർച്ച ചെയ്തത്. വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ.

കെ.പി.സി.സി പ്രസിഡന്റുമാറ്രത്തെക്കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിനെപ്പോലൊരു ജനാധിപത്യ പാർട്ടിയ്ക്കുള്ളിൽ നിന്നേവരുള്ളു. കേഡർ പാർട്ടിയിൽ നിന്ന് ഒരിക്കലും വരില്ല. വന്നാൽ അവർ ചൂഴ്ന്നുനോക്കി നടപടി എടുക്കും. കെ.പി.സി.സി അദ്ധ്യക്ഷനായി വന്നശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പും ജയിച്ചിട്ടുണ്ട്.

പുതിയ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പല പേരുകളും ഉയർന്നു വരുന്നത് എവിടെ നിന്നെന്ന് മാദ്ധ്യമങ്ങളാണ് കണ്ടു പിടിക്കേണ്ടത്. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ അത് പ്രാവർത്തികമാവും.

തിരഞ്ഞെടുപ്പ് വരെ പ്രസിഡന്റിന് മാറ്രമില്ലെന്ന് ഹൈക്കമാൻഡ് പറഞ്ഞാൽ,ചർച്ചകൾ അവസാനിക്കില്ലേ എന്ന ചോദ്യത്തിന്, നിങ്ങൾ ഡൽഹിയിൽ ചെന്ന് ഹൈക്കമാൻഡിനോട് ചോദിക്കൂ എന്നായിരുന്നു മറുപടി. മാറ്റണമെന്ന് പാർട്ടിയിൽ ആരെങ്കിലും വിചാരിച്ചാലും തന്നെ തൊടാനാവില്ല. ശത്രുക്കൾ പാർട്ടിയിൽ ഇല്ല. സൗഹാർദ്ദബന്ധമാണ് എല്ലാവരോടും. വി.ഡി.സതീശനുമായും എം.എം ഹസനുമായും രമേശ് ചെന്നിത്തലയുമായുമെല്ലാം നല്ല ബന്ധമാണ്. തനിക്കുവേണ്ടി സംസാരിക്കാൻ വി.എം.സുധീരനും മുല്ലപ്പള്ളിയും കെ.മുരളീധരനുമെല്ലാം വരുന്നത് സ്‌നേഹബന്ധം കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.