'മുണ്ടിനീര്' വ്യാപകം കൂടുതലും കുട്ടികളിൽ 5 മാസത്തിനിടെ 20,082 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മുണ്ടിനീര് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന. കൂടുതലും (90%) കുട്ടികളിൽ. ഈ വർഷം ഇതുവരെ 20,082 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത്. അലോപ്പതി ചികിത്സതേടിയവരുടെ എണ്ണം മാത്രമാണിത്. മറ്റു ചികിത്സാരീതികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയാകുമ്പോൾ ഇരട്ടിയിലധികമാകുമെന്ന് വിലയിരുത്തൽ.
പാരാമിക്‌സോ വൈറസാണ് മുണ്ടിനീരിന് കാരണം. ഏത് പ്രായക്കാരെയും ബാധിക്കാം. എന്നാൽ, അഞ്ച് മുതൽ ഒമ്പത് വയസുവരെയുള്ള കുട്ടികളിലാണ് കൂടുതലും ബാധിക്കുന്നത്.
രോഗം ബാധിച്ച് രണ്ടാഴ്ചകൾക്ക് ശേഷമാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. ദിവസങ്ങൾ കഴിയുംതോറും ഉമിനീർ ഗ്രന്ഥികൾ വീർക്കും.
രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗബാധിതരായ വ്യക്തികളുടെ ശ്വാസത്തിലൂടെ പുറത്തു വരുന്ന ഉമിനീരിലൂടെയോ ആണ് പകരുന്നത്. വൈറസ് ബാധിച്ച എല്ലാ വ്യക്തികളിലും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോഗം സുഖപ്പെടുന്നതിന് രണ്ടാഴ്ചയോളം സമയമെടുക്കും.
വാക്‌സിനില്ല,
വ്യാപനം കൂടി
മുണ്ടിനീരിനുള്ള വാക്‌സിൻ 2016ൽ നിറുത്തലാക്കിയതാണ് രോഗവർദ്ധനയ്ക്ക് കാരണമെന്ന് വിലയിരുത്തൽ. നേരത്തെ കുട്ടികൾക്ക് ഒന്നരവയസിനകം മംപ്‌സ് മീസിൽസ് റുബെല്ല വാക്സിൻ (എം.എം.ആർ) നൽകിയിരുന്നു. 2016ൽ ഇത് മീസിൽസ്– റുബെല്ല വാക്സിൻ (എം.ആർ) മാത്രമാക്കി. അതിനുശേഷം ജനിച്ച കുട്ടികളാണ് ഇപ്പോൾ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നത്.
എം.എം.ആർ വാക്‌സിൻ തുടരണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ ആവശ്യം.
ലക്ഷണങ്ങൾ
മുഖത്ത് വീക്കം പനി ചെവി-ശരീര വേദന തലവേദന ക്ഷീണം വിശപ്പില്ലായ്മ
രോഗികൾ ഈവർഷം
ജനുവരി............................7,050
ഫെബ്രുവരി......................5,416
മാർച്ച്................................4,844
ഏപ്രിൽ.............................2,657
ഈമാസം ഇതുവരെ......115